ദോഹയിൽ നിന്നും ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ ആസ്ഥാനം മാറ്റില്ലെന്ന് ഖത്തർ
ഖത്തറിലെ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ സാന്നിദ്ധ്യം മധ്യസ്ഥ ശ്രമങ്ങളിൽ ഗുണകരമാകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ്
ദോഹ: ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ ആസ്ഥാനം ദോഹയിൽ നിന്നും മാറ്റില്ലെന്ന് ഖത്തർ. ഖത്തറിലെ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ സാന്നിധ്യം മധ്യസ്ഥ ശ്രമങ്ങളിൽ ഗുണകരമാകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു. ആശയവിനിമയം നിലനിർത്താനുള്ള വാഷിംഗ്ടണിന്റെ അഭ്യർത്ഥന മാനിച്ചാണ് 2012ൽ ഹമാസ് പൊളിറ്റക്കൽ ബ്യൂറോ ദോഹയിൽ സ്ഥാപിക്കുന്നത്. ഗസ്സയിലെ മധ്യസ്ഥ ശ്രമങ്ങളിൽ ഹമാസിന്റെ സാന്നിധ്യം നിർണായകമായിരുന്നെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. മധ്യസ്ഥശ്രമങ്ങളിൽ അവരുടെ സാന്നിധ്യം ആരോഗ്യകരമായിരിക്കുന്നിടത്തോളം കാലം അവർ ദോഹയിൽ തന്നെ തുടരുമെന്ന് മാജിദ് അൽ അൻസാരി പറഞ്ഞു.
ഖത്തറിന് മേലുള്ള അമേരിക്കയുടെ സമ്മർദവുംവെടിനിർത്തൽ ചർച്ചകൾ സ്തംഭിച്ചതും കണക്കിലെടുത്ത് ഹമാസിന്റെ രാഷ്ട്രീയ നേതൃത്വം ഖത്തറിൽ നിന്ന് മാറാൻ ശ്രമിക്കുന്നുവെന്ന് വാൾസ്ട്രീറ്റ് ജേണൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഹമാസിന്റെ ഓഫീസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് രാജ്യങ്ങളെയെങ്കിലും അവർ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ, വാൾസ്ട്രീറ്റ് ലേഖനം പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകം ഇത് നിഷേധിച്ച് ഹമാസ് രംഗത്ത് വന്നു.മധ്യസ്ഥർ എന്ന നിലയിൽ ഏതെങ്കിലും കക്ഷികൾക്കുമേൽ സമ്മർദ്ദം ചെലുത്തേണ്ട കാര്യമില്ലെന്ന് ഖത്തറും ആവർത്തിച്ചു.