പാരീസ് ഒളിമ്പിക്‌സിൽ മാറ്റുരക്കാൻ 14 അംഗ സംഘവുമായി ഖത്തർ
മുഅ്തസ് ബർഷിമും സ്പ്രിൻറർ ഷഹദ് മുഹമ്മദും ഖത്തറിന്റെ പതാക വാഹകരാകും
ദോഹ: പാരീസ് ഒളിമ്പിക്‌സിന് 14 അംഗ സംഘവുമായി ഖത്തർ. മുഅ്തസ് ബർഷിമും സ്പ്രിൻറർ ഷഹദ് മുഹമ്മദും ഖത്തറിന്റെ പതാക വാഹകരാകും. പാരീസിലേത് തന്റെ അവസാന ഒളിമ്പിക്‌സ് പോരാട്ടമാകുമെന്ന് ഹൈജംപിൽ നിലവിലെ സ്വർണമെഡൽ ജേതാവായ ബർഷിം പ്രഖ്യാപിച്ചു. ഈ മാസം 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന പാരീസ് ഒളിമ്പിക്‌സിൽ അത്ലറ്റിക്സ്, ബീച്ച് വോളിബോൾ, ഷൂട്ടിംഗ്, ഭാരോദ്വഹനം, നീന്തൽ എന്നീ ഇനങ്ങളിലാണ് ഖത്തർ മത്സരിക്കുന്നത്.
ഖത്തർ സംഘത്തെ ഉദ്ഘാടന ചടങ്ങളിൽ ഹൈജംപ് താരം മുഅ്തസ് ബർഷിമും വനിതാ സ്പ്രിന്റർ ഷഹദ് മുഹമ്മദുമാണ് നയിക്കുക. ജൂലൈ 19ന് സംഘം പാരീസിലെത്തും. ജൂലൈ 27 മുതൽ തന്നെ ഖത്തറിന്റെ മത്സരങ്ങൾ ആരംഭിക്കുന്നുണ്ട്. 2020 ടോക്കിയോ ഒളിമ്പിക്സിൽ രണ്ട് സ്വർണം ഉൾപ്പെടെ മൂന്ന് മെഡലുകൾ നേടിയാണ് ഖത്തർ നേട്ടം കൈവരിച്ചത്.
അത്ലറ്റിക്സിലെ ഹൈജമ്പ് ഇനത്തിൽ മുതാസ് ബർഷാമും 96 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഫാരെസ് ഇബ്രാഹിമുമായിരുന്നു ചാമ്പ്യന്മാർ. കൂടാതെ, ബീച്ച് വോളിബോൾ ടീമിന് വെങ്കല മെഡലും ഉണ്ടായിരുന്നു കരിയറിലെ അവസാന ഒളിമ്പിക്‌സ് പോരാട്ടത്തിന് ഒരുങ്ങുന്ന ബർഷിമിൽ ഇത്തവണയും ഖത്തർ വലിയ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ സ്വർണം നേടിയ ബർഷിം ലണ്ടനിലും റിയോയിലും വെള്ളി നേടിയിരുന്നു.