ഖത്തര്‍ ലോകകപ്പ്: ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ നിരാശപ്പെടേണ്ടെന്ന് ഫിഫ
ആരാധകർ ഫിഫ വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ അപേക്ഷ സമർപ്പിക്കാൻ ജാഗ്രത കാണിക്കണം
ദോഹ: ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഇതുവരെ ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ നിരാശപ്പെടേണ്ടെന്ന് ഫിഫ. മൂന്നാം ഘട്ട ടിക്കറ്റ് വില്‍പ്പന വൈകാതെ തന്നെ തുടങ്ങും. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാകും ടിക്കറ്റ് നല്‍കുക. ആദ്യ രണ്ട് ഘട്ടങ്ങളിലും റാൻഡം നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റ് അനുവദിച്ചിരുന്നത്. എന്നാല്‍ മൂന്നാം ഘട്ടത്തിൽ ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന നിലയിലാവും ടിക്കറ്റുകൾ അനുവദിക്കുക. വെബ്സൈറ്റ് വഴി വിൽപന തുടങ്ങുമ്പോള്‍ ഏറ്റവും വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് പണമടക്കുന്നവർക്കാവും ലഭിക്കുക. ടിക്കറ്റ് ലഭ്യതയുടെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും മൂന്നാം ഘട്ടത്തിലെ വിൽപന പുരോഗമിക്കുകയെന്ന് ഫിഫ അറിയിച്ചു.
ടിക്കറ്റ് വിൽപന തുടങ്ങിയാല്‍ വേഗത്തിൽ വിറ്റഴിയും. ആരാധകർ ഫിഫ വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ അപേക്ഷ സമർപ്പിക്കാൻ ജാഗ്രത കാണിക്കണം. മൂന്ന് ഘട്ടങ്ങളിലായി ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപന നടത്തുമെന്ന് ഫിഫ നേരത്തെ തന്നെ അറിയിച്ചിരുന്നു. ജനുവരി 19 മുതൽ മാർച്ച് 29 വരെ നടന്ന ആദ്യഘട്ടത്തില്‍ 8.04 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. രണ്ടാംഘട്ടത്തിലെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.