അല്‍അഖ്സ പള്ളിയിലെ ഇസ്രായേല്‍ അതിക്രമത്തെ അപലപിച്ച് ഖത്തര്‍ മന്ത്രിസഭ
മുസ്‍ലിം സമൂഹത്തെ പ്രകോപിപ്പിക്കാനുള്ള നീക്കമാണ് ഇസ്രായേല്‍ നടത്തുന്നതെന്നും ഖത്തര്‍ ആരോപിച്ചു.
അല്‍അഖ്സ പള്ളിയിലെ ഇസ്രായേല്‍ അതിക്രമത്തെ അപലപിച്ച് ഖത്തര്‍ മന്ത്രിസഭ. മുസ്‍ലിം സമൂഹത്തെ പ്രകോപിപ്പിക്കാനുള്ള നീക്കമാണ് ഇസ്രായേല്‍ നടത്തുന്നതെന്നും ഖത്തര്‍ ആരോപിച്ചു.
വിശുദ്ധ റമദാനില്‍ അല്‍അഖ്സ പള്ളിയില്‍ ഇസ്രായേലി സൈന്യം നടത്തിയ അതിക്രമത്തെ കടുത്ത ഭാഷയിലാണ് ഖത്തര്‍ മന്ത്രിസഭായോഗം അപലപിച്ചത്. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ലോകമെമ്പാടുമുള്ള മുസ്‍ലിം സമുദായത്തെ പ്രകോപിപ്പിക്കുകയാണ് ഇസ്രായേല്‍. അല്‍അഖ്സ പള്ളിയിലും ഫലസ്തീനിയന്‍ മണ്ണിലും ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തെ പ്രതിരോധിക്കാന്‍ അറബ് രാജ്യങ്ങള്‍ ഇടപെടണം. അന്താരാഷ്ട്ര സമൂഹവും യു.എന്നും ഇക്കാര്യത്തില്‍ ക്രിയാത്മക നടപടി സ്വീകരിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. അല്‍അഖ്സ പള്ളിയിലെ അതിക്രമത്തിന് പിന്നാലെ ഫലസ്തീന്‍ നേതാക്കളെ വിളിച്ച് ഖത്തര്‍ അമീര്‍ പിന്തുണ അറിയിച്ചിരുന്നു.