പാരീസ് വേദിയാകുന്ന ഒളിമ്പിക്സിന് സുരക്ഷയൊരുക്കാന്‍ ഖത്തറും
ഇരുരാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രിമാര്‍ കരാറില്‍ ഒപ്പുവെച്ചു
ദോഹ: പാരീസ് വേദിയാകുന്ന ഒളിമ്പിക്സിന് സുരക്ഷയൊരുക്കാന്‍ ഖത്തറും. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രിമാര്‍ കരാറില്‍ ഒപ്പുവെച്ചു. ജൂലായ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്സ് നടക്കുന്നത്.
അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഖത്തർ ആഭ്യന്തര മന്ത്രിയും ലഖ്‍വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് അൽഥാനിയും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾ ഡർമനിയും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.
ലോകകപ്പ് ഫുട്ബാളിന്റെ പരിചയ സമ്പത്തുമായാണ് ഖത്തറിന്റെ സുരക്ഷാ വിഭാഗങ്ങൾ പാരിസ് ഒളിമ്പിക്സുമായി സഹകരിക്കുന്നത്. കരാർ പ്രകാരം, പെട്രോളിംഗ്, നാഷണൽ ഓപറേഷൻ സെന്റർ, കുതിര പൊലീസ് നിരീക്ഷണം, ഡ്രോൺ, സ്‌ഫോടകവസ്തു നിർവീര്യമാക്കൽ, സൈബർ സുരക്ഷാ അനലിസ്റ്റുകൾ, ബോംബ് ഡോഗ് സ്ക്വാഡ്, തീവ്രവാദ വിരുദ്ധ സ്ക്വാഡ് എന്നിവയുൾപ്പെടെ സേവനങ്ങൾ ഒളിമ്പിക്സിന്റെ സുരക്ഷക്കായി നൽകും.
സുരക്ഷാ വിന്യാസവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങൾക്കും മറ്റുമായി ഖത്തറിന്റെ വിവിധ സേനാ ഉദ്യോഗസ്ഥർ പാരീസ് സന്ദർശിച്ചു.