ഖത്തർ ജി.ഡി.പിയിൽ 4.3 ശതമാനം വളർച്ച രേഖപ്പെടുത്തി
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ ഖത്തറിന്റെ ജിഡിപിയിൽ 4.3 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. ഖത്തർ പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടത്.
അതേ സമയം ഈ വർഷം 3.4 ശതമാനം സാമ്പത്തിക വളർച്ചയും ഖത്തർ നേടുമെന്ന് ലോകബാങ്ക് കണക്കുകൾ പറയുന്നു. 2021 സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം 167.782 ബില്യൺ ഖത്തർ റിയാലായിരുന്നു. കഴിഞ്ഞ വർഷം ഇത് 4.3 ശതമാനം ഉയർന്ന് 175.028 ബില്യൺ റിയാലായി മാറി.
രണ്ടാംപാദത്തെ അപേക്ഷിച്ചും 3.6 ശതമാനത്തിന്റെ വളർച്ചയുണ്ടായതായി ഖത്തർ പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പറയുന്നു. അതേ സമയം നടപ്പു സാമ്പത്തിക വർഷത്തിൽ ഖത്തർ 3.4 ശതമാനം വളർച്ച നേടുമെന്നാണ് ലോകബാങ്കിന്റെ ഗ്ലോബർ ഇക്കണോമിക് പ്രോസ്‌പെക്ട്‌സ് റിപ്പോർട്ട് പറയുന്നത്. 2022ൽ ഇത് നാല് ശതമാനമായിരുന്നു.
ലോകം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലും ഖത്തറിന് മികച്ച വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇന്ധന വില ഉയർന്നുനിൽക്കുന്നതാണ് ഇതിന് കാരണം. അതേ സമയം 2024ൽ വളർച്ച മൂന്ന് ശതമാനത്തിന് താഴെ പോകുമെന്നും ലോകബാങ്ക് സൂചിപ്പിക്കുന്നുണ്ട്.