ലോകത്തെ മികച്ച 100 ബീച്ചുകളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തറിലെ ഇൻലാൻഡ് സീ
കടലും മരുഭൂമിയും സംഗമിക്കുന്ന അപൂർവ ഇടമെന്ന പ്രത്യേകത
ദോഹ:ലോകത്തെ മികച്ച 100 ബീച്ചുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഖത്തറിലെ ഇൻലാൻഡ് സീ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീച്ച് അറ്റ്‌ലസാണ് പട്ടിക തയ്യാറാക്കിയത്. കാഴ്ചയിലെ സൗന്ദര്യത്തിനൊപ്പം തന്നെ ജൈവവൈവിധ്യവും സാമൂഹ്യ, സാംസ്‌കാരിക ഘടകങ്ങൾ കൂടി പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ടൂറിസം മേഖലയിലെ വിദഗ്ധർ, മാധ്യമപ്രവർത്തകർ, ഇൻഫ്‌ളുവൻസർമാർ, ഫോട്ടോഗ്രാഫർമാർ, ബ്ലോഗർമാർ, തുടങ്ങിയവർ വോട്ടെടുപ്പിൽ പങ്കെടുത്തു.
ഗോൾഡൺ ബീച്ച് അവാർഡ് 2024 മികച്ച 100 ബീച്ചുകളിൽ 89ാം സ്ഥാനമാണ് ഇൻലാൻഡ് സീയ്ക്കുള്ളത്. മിഡിലീസ്റ്റിൽ പട്ടികയിൽ മൂന്നാം സ്ഥാനവും. അറേബ്യൻ ഒറിക്‌സ്, ദേശാടന പക്ഷികൾ, ഫ്‌ളമിംഗോകൾ, ആമകൾ തുടങ്ങി ജൈവവൈവിധ്യത്തിന്റെ കേന്ദ്രമാണ് ഇവിടം. കടലും മരുഭൂമിയും സംഗമിക്കുന്ന അപൂർവ ഇടമെന്ന പ്രത്യേകത കൂടിയുണ്ട്. സൂര്യോദയവും അസ്തമയവും ആസ്വദിക്കുന്നതിനായി നിരവധി പേരാണ് ഇൻലാൻഡ് സീയിൽ എത്തുന്നത്.