2027ഓടെ ഖത്തറിന്‍റെ എല്‍.എന്‍.ജി ഉൽപാദനം 126 ദശലക്ഷം ടൺ ആയി വർധിപ്പിക്കും: ഖത്തര്‍ അമീർ

ഖത്തര്‍,ഇറാന്‍, റഷ്യ തുടങ്ങി 11 അംഗ രാജ്യങ്ങളും ഏഴ് നിരീക്ഷക രാജ്യങ്ങളുമാണ് ദോഹയിൽ നടന്ന ആറാമത് ജി.ഇ.സി.എഫ് ഉച്ചകോടിയിൽ പങ്കെടുത്തത്

Update: 2022-02-22 16:42 GMT
Editor : ijas
Advertising

2027ഓടെ ഖത്തറിന്‍റെ ദ്രവീകൃത പ്രകൃതി വാതക ഉൽപാദനം 126 ദശലക്ഷം ടൺ ആയി വർധിപ്പിക്കുമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ദോഹ വേദിയാവുന്ന പ്രകൃതിവാതക കയറ്റുമതി രാഷ്ട്രങ്ങളുടെ ഉച്ചകോടിയിലാണ് പ്രഖ്യാപനം. ലോകത്തിന്‍റെ ഊർജ ആവശ്യത്തിൽ രാജ്യാന്തര സഹകരണത്തിന്‍റെ പ്രാധാന്യം ഊന്നികൊണ്ടായിരുന്നു അമീറിന്‍റെ പ്രസംഗം. കാർബൺ ബഹിർഗമനം കുറക്കുന്ന ഇന്ധന ഉപയോഗത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ തടയാനും സാമ്പത്തിക വളർച്ച കൈവരിക്കാനുമുള്ള അവസരമായി കോവിഡിന് ശേഷമുള്ള ലോകക്രമത്തെ മാറ്റണം. ദ്രവീകൃത പ്രകൃതി വാതകം ഇതിൽ നിർണായക പങ്കുവഹിക്കുന്നു.

രാജ്യാന്തര തലത്തിലെ വാതക വിതരണം കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കാൻ ജി.ഇ.സി.എഫ് അംഗരാജ്യങ്ങളും, കയറ്റുമതി-ഇറക്കുമതി രാജ്യങ്ങളും തമ്മിൽ കൂടുതൽ ചർച്ചകള്‍ തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വർധിച്ച പ്രകൃതി വാതക ആവശ്യത്തിന് പരിഹാരമെന്ന നിലയിൽ ഖത്തറിന്‍റെ പ്രതിവർഷ ഉൽപാദന ശേഷി, 77 ദശലക്ഷം ടണ്ണിൽ നിന്നും 2027ഓടെ 126 ദശലക്ഷം ടൺ ആയി ഉയർത്തുമെന്നും അമീർ വ്യക്തമാക്കി. കാർബൺ ബഹിർഗമനം കുറക്കുന്നതിന്‍റെയും അന്തരീക്ഷ മലിനീകരണം തടയുന്നതിനുമായുള്ള ഖത്തറിന്‍റെ നടപടി ക്രമങ്ങളും അമീർ വിശദീകരിച്ചു. അന്തരീക്ഷത്തിലെ കാർബൺ വേർതിരിച്ചെടുക്കുന്ന 'കാർബൺ കാപ്ചർ' സാങ്കേതിക വിദ്യ പ്രകാരം നാലു വർഷത്തിനുള്ളിൽ പ്രതിവർഷം 25 ലക്ഷം ടൺ കാർബൺ അന്തരീക്ഷത്തിൽ നിന്നും സംഭരിക്കാൻ കഴിയും. 2030 ആവുമ്പോഴേക്കും പ്രതിവർഷ സംഭരണം 90 ലക്ഷം ടൺ ആയും ഉയരുമെന്ന് അദ്ദേഹം വിശീദീകരിച്ചു. ഖത്തര്‍,ഇറാന്‍, റഷ്യ തുടങ്ങി 11 അംഗ രാജ്യങ്ങളും ഏഴ് നിരീക്ഷക രാജ്യങ്ങളുമാണ് ദോഹയിൽ നടന്ന ആറാമത് ജി.ഇ.സി.എഫ് ഉച്ചകോടിയിൽ പങ്കെടുത്തത്. ലോകത്തെ ആകെ പ്രകൃതി വാതക ഉൽപാദനത്തിന്‍റെ 77ശതമാനവും ഈ കൂട്ടായ്മയിലെ അംഗങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News