യോഗ്യതാ പോരാട്ടങ്ങള്‍ അവസാനിച്ചു; ലോകകപ്പിന് യോഗ്യത നേടുന്ന അവസാന ടീമായി കോസ്റ്റാറിക്ക
യോഗ്യതാ പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍, ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടുന്ന അവസാന ടീമായി കോസ്റ്റാറിക്ക. ഇന്റര്‍ കോണ്ടിനന്റല്‍ പ്ലേ ഓഫ് മത്സരത്തില്‍ ന്യൂസിലന്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കോസ്റ്റാറിക്ക തോല്‍പ്പിച്ചത്.
ലോകകപ്പ് വേദിയായ അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ കോസ്റ്റാറിക്ക നിര്‍ണായക ലീഡെടുത്തു. ജോയല്‍ കാംപെല്ലാണ് ഗോള്‍ നേടിയത്. കോസ്റ്റാറിക്കയ്ക്ക് അനായാസമാകുമെന്ന് കരുതിയ മത്സരത്തില്‍ വീറോടെ പൊരുതിയാണ് കിവികള്‍ കീഴടങ്ങിയത്. സമനില ഗോള്‍ കണ്ടെത്തിയിട്ടും അത് അനുവദിക്കാതിരുന്നതും, അവസാന 20 മിനുട്ട് 10 പേരുമായി കളിക്കേണ്ടി വന്നതും അവര്‍ക്ക് തിരിച്ചടിയായി.
ഇതോട മൂന്ന് വര്‍ഷം നീണ്ടുനിന്ന യോഗ്യതാ മത്സരങ്ങളും അവസാനിച്ചു. ലോകകപ്പില്‍ സ്‌പെയിനും ജര്‍മനിയും ജപ്പാനും ഉള്‍പ്പെട്ട ഗ്രൂപ്പ് ഇയിലാണ് കോസ്റ്റാറിക്ക മത്സരിക്കേണ്ടത്.