പ്രവാസികള്‍ക്ക് ജീവിതപങ്കാളികളെ ഖത്തറിലേക്ക് കൊണ്ടുവരാന്‍ അവസരമൊരുക്കി റേഡിയോ മലയാളം
25 വര്‍ഷമെങ്കില്‍ ഖത്തറില്‍ പ്രവാസജീവിതം നയിക്കുന്ന, ഇതുവരെ കുടുംബത്തെ ജോലി ചെയ്യുന്ന സ്ഥലം കാണിക്കാന്‍ സാധിക്കാത്ത, സാധാരണക്കാര്‍ക്കാണ് ഈ കാംപയിനിലൂടെ അവസരം നല്‍കുന്നത്
ദോഹ: സാധാരണക്കാരായ പ്രവാസികള്‍ക്ക് ജീവിതപങ്കാളികളെ ഖത്തറിലേക്ക് കൊണ്ടുവരാന്‍ അവസരമൊരുക്കി റേഡിയോ മലയാളം. 'ഫോര്‍ മൈ ലവ്, ഞാനും ഞാനുമെന്‍റാളും' കാംപയിനിലൂടെ 13 പേര്‍ക്കാണ് ഇത്തവണ അവസരം നല്‍കുന്നത്.
ഏറ്റവും അര്‍ഹരായ 13 കുടുംബങ്ങളുടെ സംഗമത്തിനാണ് റേഡിയോ മലയാളം അവസരമൊരുക്കുന്നത്. യാത്രാ, താമസ ചെലവടക്കം സംഘാടകര്‍ ഒരുക്കും. ചുരുങ്ങിയത് 25 വര്‍ഷമെങ്കില്‍ ഖത്തറില്‍ പ്രവാസജീവിതം നയിക്കുന്നവരും ഇതുവരെ കുടുംബത്തെ ജോലി ചെയ്യുന്ന സ്ഥലം കാണിക്കാന്‍ സാധിക്കാത്തവരുമായ സാധാരണക്കാര്‍ക്കാണ് ഈ കാംപയിനിലൂടെ അവസരം നല്‍കുക.
അപേക്ഷകള്‍ വഴിയാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ ഏഴുവരെ ദമ്പതിമാര്‍ക്ക് ഒരുമിച്ചു താമസിക്കാനും യാത്ര ചെയ്യാനും സൗകര്യമൊരുക്കും. അപേക്ഷിക്കുന്നവരില്‍ അര്‍ഹരായ ഏതെങ്കിലും ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാങ്കേതികതടസം നേരിട്ടാല്‍ അവരെ പ്രത്യേകമായി ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് സീസണുകളിലായി 33 കുടുംബങ്ങളാണ് ഇങ്ങനെ ഖത്തറില്‍ ഒത്തുചേര്‍ന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ക്യു.എഫ്.എം റേഡിയോ നെറ്റ്‍വര്‍ക്ക് വൈസ് ചെയര്‍മാന്‍ കെ.സി അബ്ദുല്‍ ലത്തീഫ്, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ഡെപ്യൂട്ടി ജനറല്‍ മാനേജർ നൗഫൽ അബ്ദുറഹ്മാൻ, സ്പോണ്‍സര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Summary: Radio Malayalam campaign to bring ordinary expatriates' spouses to Qatar