വിവാദങ്ങൾക്കിടെ സാദിഖലി തങ്ങളും ജിഫ്രി തങ്ങളും ഒരേ വേദിയിൽ; ഐക്യാടയാളമെന്ന് വിശേഷിപ്പിച്ച് നേതാക്കൾ

ഖത്തർ സാദാത്ത് അസോസിയേഷൻ സംഘടിപ്പിച്ച സ്‌നേഹ സംഗമത്തിലാണ് ഇരു നേതാക്കളും ഒരേ വേദിയിലെത്തിയത്

Update: 2023-10-14 12:06 GMT
Advertising

ദോഹ: മുസ്ലിംലീഗ്-സമസ്ത തർക്കം തുടരുന്നതിനിടെ ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ഒരേ വേദിയിൽ. ഖത്തർ സാദാത്ത് അസോസിയേഷൻ സംഘടിപ്പിച്ച സ്‌നേഹ സംഗമത്തിലാണ് ഇരുവരും ഒരേ വേദിയിലെത്തിയത്. പരിപാടിയിൽ സാദിഖലി തങ്ങൾ ഉദ്ഘാടകനും ജിഫ്രിതങ്ങൾ അധ്യക്ഷനുമായിരുന്നു. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ജിഫ്രി തങ്ങളുടെ പേരുപറയാതെ നടത്തിയ പരോക്ഷ വിമർശനവും അതിനെതിരെ സമസ്തയിലെ ഒരുവിഭാഗം സലാമിനെതിരെ പരാതി ഉന്നയിച്ചതും വലിയ വിവാദമായിരുന്നു. പരാതിക്ക് പിന്നിൽ സമസ്തയിലെ സഖാക്കളാണന്ന് പി.എം.എ സലാമും തിരിച്ചടിച്ചു.

സാദിഖലി തങ്ങൾ അടക്കമുള്ള ലീഗ് നേതൃത്വം സലാമിനെ പിന്തുണക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതിനിടെ സമസ്താനേതാക്കൾ പ്രശ്‌നത്തിലിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ ഈ വിവാദങ്ങളൊന്നും ബാധിക്കാത്ത രീതിയിലാണ് ഇരു നേതാക്കളും ഖത്തറിലെ പൊതു വേദിയിൽ ഒന്നിച്ചെത്തിയത്. സമുദായത്തിന്റെ ഐക്യത്തിന്റെ അടയാളമാണ് ഇത്തരം കൂട്ടായ്മകളെന്ന് സാദിഖലി തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്‌നേഹസംഗമങ്ങൾ വലിയ നന്മയാകണം എന്നാണ് ജിഫ്രി തങ്ങൾ പ്രതികരിച്ചത്.

രാഷ്ട്രീയ- സംഘടനാ വിഷയങ്ങൾ ഇരുവരും പ്രസംഗത്തിൽ പ്രതിപാദിച്ചില്ല. മാധ്യമങ്ങളോട് സംസാരിക്കാൻ ഇരുനേതാക്കളും തയ്യാറാവുകയും ചെയ്തില്ല. ഖത്തറിലെത്തിയത് ചർച്ചയ്ക്ക് വേണ്ടിയല്ലെന്നും പൊതുപരിപാടിയിൽ പങ്കെടുക്കാനാണെന്നുമായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ലീഗ്- സമസ്ത തർക്കം മാധ്യമസൃഷ്ടിയാണെന്ന നിലപാട് തങ്ങൾ ആവർത്തിക്കുകയും ചെയ്തു. ഇരു സംഘടനകളുടെയും അണികൾ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്നതിനിടെ സാദിഖലി തങ്ങളും ജിഫ്രി തങ്ങളും ഒരേ വേദി പങ്കിട്ടത് മഞ്ഞുരുക്കത്തിന്റെ തുടക്കമാകുമെന്ന വിലയിരുത്തലുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News