ശൂറാകൗൺസിൽ തെരഞ്ഞെടുപ്പ്; ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഖത്തർ
ഇന്നലെ നടന്ന ഹിത പരിശോധനയിൽ 84 ശതമാനം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്
ദോഹ: ശൂറാകൗൺസിൽ തെരഞ്ഞെടുപ്പ് ഭേദഗതി ചെയ്യാനുള്ള ഭരണഘടനാ കരടു നിർദേശത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഖത്തർ. ഇന്നലെ രാവിലെ മുതൽ രാത്രി ഏഴ് മണി വരെ നടന്ന ഹിത പരിശോധനയിൽ 84 ശതമാനം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. വോട്ടെടുപ്പിൽ പങ്കെടുത്ത 90.6 ശതമാനം പേർ ഭരണഘടനാ ഭേദഗതിയെ പിന്തുണച്ചു. 9.2 ശതമാനം പേർ എതിർത്ത് വോട്ട് ചെയ്തു. 1.8 ശതമാനം വോട്ടുകൾ അസാധുവായി.
ഖത്തറിലെ വിവിധ ഭാഗങ്ങളിലായി തയ്യാറാക്കിയ 28 പോളിങ് സ്റ്റേഷനുകളിലെയും മെട്രാഷ് വഴിയുള്ള ഓൺലൈൻ വോട്ടുകളും എണ്ണിയ ശേഷം, ഇന്ന് പുലർച്ചെയോടെയാണ് ഫലം പ്രഖ്യാപിച്ചത്. ക്ടോബറിൽ ചേർന്ന ശൂറാ കൗൺസിൽ വാർഷിക സമ്മേളനത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർദേശിച്ചതു പ്രകാരമാണ് ഭരണഘടനാ ഭേദഗതി തീരുമാനിച്ചത്. ശൂറാ കൗൺസിലിലേക്കുള്ള വോട്ടെടുപ്പ് ഒഴിവാക്കി മുഴുവൻ അംഗങ്ങളെയും അമീർ നേരിട്ട് നാമനിർദേശം ചെയ്യുന്നത് അനുവദിച്ചുകൊണ്ടാണ് പുതിയ ഭരണഘടനാ ഭേദഗതി.