കാർഷിക മേഖലയിൽ ഖത്തർ വൻ മുന്നേറ്റമുണ്ടാക്കിയതായി പഠനം

രാജ്യത്തെ കാർഷിക ഉൽപാദനം 2029 ഓടെ 220 മില്യൺ ഡോളർ കവിയുമെന്നാണ് പഠനത്തിൽ പറയുന്നത്

Update: 2024-09-13 13:59 GMT
Advertising

ദോഹ: കാർഷിക മേഖലയിൽ ഖത്തർ വൻ മുന്നേറ്റമുണ്ടാക്കിയതായി പഠനം. രാജ്യത്തെ കാർഷിക ഉൽപാദനം 2029 ഓടെ 220 മില്യൺ ഡോളർ കവിയുമെന്നാണ് പഠനത്തിൽ പറയുന്നത്. നിലവിൽ 170.95 മില്യൺ ഡോളറാണ് ഖത്തറിന്റെ കാർഷിക മാർക്കറ്റ്. പ്രതിവർഷം 5.47 ശതമാനം വളർച്ച നേടി അഞ്ച് വർഷം കൊണ്ട് ഇത് 223.10 മില്യൺ ഡോളറിൽ എത്തുമെന്നാണ് ഗവേഷണ സ്ഥാപനമായ മൊർഡർ ഇന്റലിജൻസിന്റെ പഠനം പറയുന്നത്.

ഖത്തറിന്റെ പച്ചക്കറി ഉൽപാദനം അഞ്ചുവർഷം കൊണ്ട് ഏതാണ്ട് ഇരട്ടിയാകുമെന്ന് കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി മന്ത്രി പറഞ്ഞിരുന്നു. ക്ഷീരോത്പാദനത്തിൽ രാജ്യം ഇതിനോടകം സ്വയംപര്യാപ്തത നേടിയിട്ടുണ്ട്. കാലി വളർത്തലിലും മീൻ കൃഷിയിലും വലിയ മുന്നേറ്റമാണ് നടത്തിയത്. കൃഷിക്ക് ഉപയോഗിക്കുന്ന ഭൂമിയുടെ അളവും കൂടി.

മഴ വളരെ കുറവും കനത്ത ചൂടും അനുഭവപ്പെടുന്ന രാജ്യം നൂതന കൃഷി രീതികൾ അവലംബിച്ചാണ് ലക്ഷ്യം കാണുന്നത്. ഹൈഡ്രോപോണിക് കൃഷി രീതി വ്യാപകമായി ഉപയോഗിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പുതിയ ഭക്ഷ്യസുരക്ഷാ സ്ട്രാറ്റജി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ഖത്തർ. സുസ്ഥിരത, പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തൽ, നവീനമായ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാകും പുതിയ ഭക്ഷ്യസുരക്ഷാ രൂപ രേഖയുടെ കാതൽ.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News