ആദ്യ ലോകകപ്പിൽ സൂപ്പർ താരങ്ങൾ കളിപറയും; വൻ താരനിരയുമായി ബീന്‍ സ്പോര്‍ട്സ്
മുന്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം കക്കാ നയിക്കുന്ന സംഘത്തില്‍ 120 പേരാണുള്ളത്
ദോഹ: ലോകകപ്പില്‍ കളി പറയാന്‍ വന്‍ താരനിരയുമായി ആതിഥേയരുടെ ഉടമസ്ഥതയിലുള്ള ബീന്‍ സ്പോര്‍ട്സ്. മുന്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം കക്കാ നയിക്കുന്ന സംഘത്തില്‍ 120 പേരാണുള്ളത്. മിഡിലീസ്റ്റ് - നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണിക്കാനുള്ള അവകാശം ബീന്‍ സ്പോര്‍ട്സിനാണ്.
അറബ് മണ്ണിലെ ആദ്യ ലോകകപ്പില്‍ സൂപ്പര്‍ താരങ്ങളെക്കൊണ്ട് കളി പറയിച്ചാണ് ബീന്‍ ആരാധകരിലേക്ക് എത്തുന്നത്. മുന്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം കക്കാ നയിക്കുന്ന ടീമില്‍ അര്‍ജന്റീനയുടെ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട. സ്പാനിഷ് താരം ഡേവിഡ് വിയ, ഇംഗ്ലണ്ടിന്റെ ഗാരി നെവില്‍, ജോണ്‍ ടെറി, ഇറ്റലിയുടെ ഡെല്‍പിയറോ., ആഴ്സന്‍ വെങ്ങര്‍, മാഴ്സല്‍ ഡിസെയ്ലി, ലോതര്‍ മത്യോസ്, റൂഡ് ഗുള്ളിറ്റ് തുടങ്ങിയ വന്‍ താരനിര തന്നെയുണ്ട്.
തത്സമയ അവലോകനം, വിശകലനം, അഭിമുഖങ്ങള്‍ എന്നിവയുമായി ഇവര്‍ സ്ക്രീനില്‍ വരും. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലാണ് ബീന്‍ മത്സരം കാണിക്കുന്നത്. ഏഴ് ചാനലുകളില്‍ ബീന്‍ തത്സമയം മത്സരം സംപ്രേഷണം ചെയ്യും.