അഫ്ഗാനിസ്ഥാനെതിരായ സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിലെ മാനുഷിക സഹായ വിതരണവും നിക്ഷേപവും സുഗമമാക്കാൻ യു.എന്നിന്റെ ആഭിമുഖ്യത്തിൽ ഖത്തറിൽ ചേർന്ന യോഗത്തിലാണ് താലിബാൻ ഇക്കാര്യമറിയിച്ചത്

Update: 2024-07-01 19:39 GMT
Advertising

ദോഹ: അഫ്ഗാനിസ്ഥാനിലെ മാനുഷിക സഹായ വിതരണവും നിക്ഷേപവും സുഗമമാക്കാൻ യു.എന്നിന്റെ ആഭിമുഖ്യത്തിൽ വിളിച്ച യോഗം ഖത്തറിൽ നടന്നു. ഇന്നും ഇന്നലെയുമായി നടന്ന യോഗത്തിൽ താലിബാൻ പ്രതിനിധിയും പങ്കെടുത്തു. അഫ്ഗാനിസ്ഥാനെതിരായ സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു.അഫ്ഗാനിസ്ഥാൻ സർക്കാർ വക്താവ് സബീഉല്ല മുജാഹിദിന്റെ നേതൃത്വത്തിലാണ് താലിബാൻ പ്രതിനിധി സംഘം പങ്കെടുത്തത്.

പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്നായിരുന്നു താലിബാന്റെ പ്രധാന ആവശ്യം. മരവിപ്പിച്ച ഫണ്ടുകൾ വിട്ടുതരണമെന്നും ആഗോള സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് രാജ്യത്തെ ഒറ്റപ്പെടുത്തിയ ബാങ്കിങ് ഉപരോധങ്ങൾ പിൻവലിക്കണമെന്നും സബീഉല്ല മുജാഹിദ് ആവശ്യപ്പെട്ടു. അഫ്ഗാൻ സെൻട്രൽ ബാങ്കിന്റെ 700 കോടി ഡോളർ അമേരിക്ക മരവിപ്പിച്ചിരുന്നു. അതേസമയം, സ്ത്രീ സ്വാതന്ത്ര്യത്തിലുള്ള നിയന്ത്രണം നീക്കണമെന്ന ആവശ്യം നയപരമായ കാര്യമെന്ന് ചൂണ്ടിക്കാട്ടി താലിബാൻ തള്ളിക്കളഞ്ഞു.

യുഎന്നിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയുടെ അടുത്ത ഘട്ടം ഈ വർഷാവസാനം ദോഹയിൽ വെച്ച് തന്നെ നടക്കും. കാലാവസ്ഥ വ്യതിയാനം അഫ്ഗാനിസ്ഥാനിൽ ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് അടുത്ത യോഗത്തിൽ ചർച്ച ചെയ്യും. കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ടാം റൗണ്ട് ചർച്ചക്കുള്ള ക്ഷണം താലിബാൻ നിരസിച്ചിരുന്നു. ഒരുവർഷം മുമ്പാണ് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഫ്ഗാനിലെ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളെ കൂടി പങ്കെടുപ്പിച്ച് ചർച്ച നടത്താൻ നീക്കം ആരംഭിച്ചത്. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കേണ്ടത് തങ്ങൾ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി താലിബാൻ ചർച്ചയിൽ പങ്കെടുത്തില്ല.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News