വാക്സിനെടുക്കാത്ത ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവലായി ഖത്തറിലേക്ക് വരാന്‍ അനുമതിയില്ലെന്ന് ആരോഗ്യമന്ത്രാലയം

Update: 2021-12-01 16:50 GMT
Editor : abs | By : Web Desk
Advertising

വാക്സിനെടുക്കാത്ത ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവലായി ഖത്തറിലേക്ക് വരാന്‍ അനുമതിയില്ലെന്ന് ആരോഗ്യമന്ത്രാലയം. വാക്സിനെടുക്കാത്ത സ്ഥിരം വിസയില്‍ വരുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്‍റൈനാണ് വേണ്ടത്. ഇതുവരെ ഒരു ലക്ഷം ബൂസ്റ്റര്‍ ഡോസ് നല്‍കിക്കഴിഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു

ഡിസംബര്‍ ഒന്ന് മുതല്‍ പുതുക്കിയ യാത്രാ ചട്ടത്തിലാണ് എക്സപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വാക്സിനെടുക്കാത്ത യാത്രക്കാര്‍ക്ക് ഖത്തറിലേക്ക് യാത്രാനുമതിയില്ലെന്ന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ ചെറിയ കുട്ടികള്‍ക്ക് ഇളവുണ്ടോയെന്ന കാര്യത്തില്‍ മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല. വാക്സിനെടുത്തവര്‍ക്ക് ഓണ്‍ അറൈവലായി ഖത്തറിലേക്ക് വരാം.രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈനാണ് ഇതിനുള്ള നിബന്ധന.

അതെ സമയം സ്ഥിരം വിസയില്‍ വാക്സിനെടുക്കാത്തവര്‍ക്കും ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരാം. ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈനാണ് ഇത്തരം യാത്രക്കാര്‍ക്ക് വേണ്ടത്. യാത്രയ്ക്ക് മുമ്പായി ഇഹ്തിറാസ് പ്രീ രജിസ്ട്രേഷന്‍, പുറപ്പെടുന്നതിന് മുമ്പുള്ള 72 മണിക്കൂറിനകമെടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍അറൈവലുകാര്‍ക്ക് നിര്‍ബന്ധമാണ്.

രാജ്യത്ത് കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം പുരോഗമിക്കുന്നതിനിടെ ഇതുവരെ ഒരു ലക്ഷം ബുസ്റ്റര്‍ ഡോസ് നല്‍കിയതായും മന്ത്രാലയം അറിയിച്ചു. ബൂസ്റ്റര്‍ ഡോസിന് യോഗ്യരായവരെ പിഎച്ച്സിസികളില്‍ നിന്ന് വിളിച്ച് അപ്പോയിന്‍മെന്‍റ് നല്‍കും. നേരിട്ട് വിളിച്ചും അപ്പോയിന്‍മെന്‍റ് എടുക്കാം. PHCC Hotline നമ്പറായ 4027 7077 ലേക്കാണ് ഇതിനായി വിളിക്കേണ്ടത്. അതിനിടെ ഇന്ന് രാജ്യത്ത് 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നപ്പോള്‍ 18 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. 2064 പേരാണ് രാജ്യത്ത് നിലവില്‍ രോഗികളായുള്ളത്

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News