ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം
നാളെ സ്‌കൂളിലേക്കെത്തുന്ന എല്ലാ വിദ്യാർഥികളും ജീവനക്കാരും ആന്റിജൻ പരിശോധന നടത്തണം
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം. ലോകകപ്പിനോട് അനുബന്ധിച്ച് അധ്യയന വർഷത്തിൽ ക്രമീകരണം വരുത്തിയതിനാലാണ് സ്‌കൂളുകൾ നേരത്തെ തുറക്കുന്നത്. സ്‌കൂളുകൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
ലോകകപ്പ് സമയത്ത് സ്‌കൂളുകൾക്ക് അവധി നൽകുന്നതിനാലാണ് ഇത്തവണ അവധി രണ്ട് മാസത്തിൽ ഒന്നരമാസമാക്കി ചുരുക്കിയത്. നാളെ സ്‌കൂളിലേക്കെത്തുന്ന എല്ലാ വിദ്യാർഥികളും ജീവനക്കാരും ആന്റിജൻ പരിശോധന നടത്തണം. 48 മണിക്കൂർ മുമ്പുള്ള ആന്റിജൻ പരിശോധനാ ഫലമാണ് വേണ്ടത്. എല്ലാ വിദ്യാർഥികളും ജീവനക്കാരും മാസ്‌ക് ധരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ജീവനക്കാർ സ്‌കൂളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുമ്പോൾ ഇഹ്തിറാസ് ആപ്ലിക്കേഷൻ കാണിക്കണമെന്നും നിബന്ധനയുണ്ട്. അവധി ഒന്നരമാസമായി ചുരുക്കിയതിനാൽ ഇത്തവണ ഖത്തറിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കുചേരാനുള്ള അവസരംകൂടിയാണ് കൈവന്നിരിക്കുന്നത്