ഖത്തറിലെ മ്യൂസിയങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുന്നു
മ്യൂസിയത്തിലെ പുരാവസ്തുക്കളുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും ജീവനക്കാരുടെ പരിശീലനവും മുൻനിർത്തി ആഴ്ചയിൽ ഒരിക്കൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്
ദോഹ: ഖത്തറിലെ മ്യൂസിയങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുന്നു. ഖത്തർ നാഷണൽ മ്യൂസിയം, ഇസ്ലാമിക് മ്യൂസിയം, 3-2-1 ഒളിമ്പിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം, മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് എന്നിവയുടെ പ്രവർത്തന സമയത്തിലാണ് മാറ്റമുണ്ടാകുക. മ്യൂസിയത്തിലെ പുരാവസ്തുക്കളുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും ജീവനക്കാരുടെ പരിശീലനവും മുൻനിർത്തി ആഴ്ചയിൽ ഒരിക്കൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നാഷണൽ മ്യൂസിയം, ഒളിമ്പിക് മ്യൂസിയം എന്നിവ ചൊവ്വാഴ്ചകളിൽ അവധിയായിരിക്കും. ഇസ്ലാമിക് മ്യൂസിയം ബുധനാഴ്ചയും അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് തിങ്കളാഴ്ചയും പ്രവർത്തിക്കില്ല. വ്യാഴാഴ്ച രാത്രി ഒമ്പത് വരെ പ്രവർത്തന സമയം ദീർഘിപ്പിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. എല്ലാ മ്യൂസിയങ്ങളും വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കും.
വാരാന്ത്യ അവധിക്ക് മുമ്പ് സന്ദർശകർക്ക് കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തന സമയം ദീർഘിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മുതൽ വൈകിട്ട് ഏഴ് മണിവരെയാണ് പ്രവർത്തനസമയം. മറ്റു പ്രവർത്തന ദിവസയങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെ മ്യൂസിയങ്ങളിലെ കാഴ്ചകൾ കാണാം. വർഷത്തിലെ പൊതു അവധിയിൽ മാറ്റമില്ല. രണ്ട് പെരുന്നാൾ ദിവസങ്ങളിലാണ് പൊതുഅവധി. ഒന്നാം പെരുന്നാളിന് മാത്രമാണ് ഒഴിവ്. രാജ്യത്ത് പൊതു അവധിയുള്ള മറ്റു ദിവസങ്ങളിൽ മ്യൂസിയം പ്രവർത്തിക്കും.