അതിജീവനത്തിന്റെ നേര്‍സാക്ഷ്യമായി ഫലസ്തീന്‍ ടീം ഖത്തറിലെത്തി
സൗദിയിലെ പരിശീലനത്തിന് ശേഷമാണ് ഏഷ്യൻ കപ്പ് ഫുട്ബാളിനായി ടീം എത്തിയത്
ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബാളിനുള്ള ഫലസ്തീൻ ടീം ഖത്തറിലെത്തി. സൗദിയിലെ പരിശീലനത്തിന് ശേഷമാണ് ദോഹയില്‍ ടീം എത്തിയത്. പോരാട്ട വീര്യത്തിന്റെ പ്രതീകമായാണ് അവരെത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഉറ്റവരെ നഷ്ടമായവര്‍, ഓരോ നിമിഷവും പ്രിയപ്പെട്ടവര്‍ ജീവനോടെയുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വാര്‍ത്തകളില്‍ പരതുന്നവര്‍. പക്ഷെ അധിനിവേശത്തിന്റെ തിണ്ണമിടുക്കില്‍ മണ്ണ് നഷ്ടപ്പെട്ട ഫലസ്തീനികള്‍ വന്‍ കരയുടെ പോരാട്ട വേദിയിലെത്തിയത് അതിജീവനത്തിന്റെ സന്ദേശവുമായാണ്.
ആയിരത്തിലേറെ കായിക താരങ്ങളെയാണ് ഇസ്രായേല്‍ ബോംബിട്ട് കൊന്നത്. പന്തുതട്ടിപ്പടിച്ച യര്‍മൂഖ് സ്റ്റേഡിയം ഇന്ന് ഇസ്രായേലിന്റെ തടവറയാണ്. മുന്നേറ്റ നിരയിലെ താരമായ മഹ്മൂദ് വാദിയുടെയും പ്രതിരോധ നിരക്കാരൻ മുഹമ്മദ് സാലിഹിന്റെയുമെല്ലാം ബന്ധുക്കൾ കൊല്ലപ്പെട്ടവരിൽ പെടും. ഈ വേദനകള്‍ക്കിടയിലാണ് അവര്‍ പന്തുതട്ടുന്നത്.
ഇറാനും യുഎഇയും ഹോങ്ങോങ്ങും അടങ്ങുന്ന ഗ്രൂപ്പില്‍ വലിയ സ്വപ്നങ്ങളൊന്നുമില്ല, പക്ഷെ എതിരാളികള്‍ പോലും തങ്ങള്‍ക്കായി കയ്യടിക്കുമെന്ന് അവര്‍ക്ക് ഉറപ്പാണ്. ജയപരാജയങ്ങള്‍ക്കപ്പുറമാണ് ഫലസ്തീന്‍ താരങ്ങളുടെ കരളുറപ്പും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റും. ജനുവരി ഏഴിന് ഉസ്ബെകിസ്താനെതിരെയും 9ന് സൗദിക്കെതിരെയും പരിശീലന മത്സരമുണ്ട് ടീമിന്. ജനുവരി 14ന് ഇറാനുമായാണ് ഉദ്ഘാടന മത്സരം.