പാരീസ് ഒളിമ്പിക്‌സിന് സുരക്ഷയൊരുക്കാൻ ഖത്തർ സംഘം ഫ്രാൻസിലെത്തി
ജൂലായ് 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്‌സ് നടക്കുന്നത്
ദാഹ: പാരീസ് ഒളിമ്പിക്‌സിന് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ സംഘം ഫ്രാൻസിലെത്തി. ഖത്തർ സെക്യൂറ്റി കമ്മിറ്റി ഫ്രഞ്ച് അധികൃതരുമായി ചർച്ച നടത്തി. ജൂലായ് 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്‌സ് നടക്കുന്നത്.
ഒളിമ്പിക്‌സിന്റെ സുരക്ഷയിൽ പങ്കാളിയാവാൻ ഖത്തറുമായി നേരത്തെ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായാണ് പാരീസിലെത്തിയ കേണൽ റാകിം നവാഫ് മാജിദ് അലിയുടെ നേതൃത്വത്തിലുള്ള ഖത്തർ സെക്യൂരിറ്റി വിഭാഗം പ്രതിനിധികൾ ഫ്രഞ്ച് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മാധ്യമ സംഘത്തിന് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു. ലോകകപ്പ് ഫുട്ബാളിന് സുരക്ഷ ഒരുക്കിയതിന്റെ പരിചയ സമ്പത്തുമായാണ് ഖത്തറിന്റെ സുരക്ഷാ വിഭാഗങ്ങൾ പാരിസ് ഒളിമ്പിക്‌സുമായി സഹകരിക്കുന്നത്.
കരാർ പ്രകാരം, പട്രോളിംഗ്, നാഷണൽ ഓപറേഷൻ സെന്റർ, കുതിര പൊലീസ് നിരീക്ഷണം, ഡ്രോൺ, സ്ഫോടകവസ്തു നിർവീര്യമാക്കൽ, സൈബർ സുരക്ഷാ അനലിസ്റ്റുകൾ, ബോംബ് ഡോഗ് സ്‌ക്വാഡ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എന്നിവയുൾപ്പെടെ സേവനങ്ങൾ ഒളിമ്പിക്‌സിന്റെ സുരക്ഷക്കായി നൽകും.
ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങ് സ്റ്റേഡിയത്തിന് പുറത്ത് നടത്താനുള്ള തയ്യാറെടുപ്പിലാണ് ഫ്രാൻസ്. സീൻ നദിയിലാണ് കായിക താരങ്ങളുടെ പരേഡ് ക്രമീകരിച്ചിരിക്കുന്നത്. 3 ലക്ഷത്തിലേറെ പേർക്ക് നദിക്കരയിൽ നിന്ന് ഉദ്ഘാടന ചടങ്ങുകൾ വീക്ഷിക്കാൻ സൗകര്യമുണ്ടാകും.