ലോകകപ്പ് സ്റ്റേഡിയങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് ശൃംഖല 99 ശതമാനം പൂര്‍ത്തിയായി
മെട്രോ, ട്രാം സ്റ്റേഷനുകളിലേക്കും അനായാസം ചെന്നെത്താവുന്ന രീതിയിലാണ് ഈ നെറ്റ്‌വര്‍ക്ക് സംവിധാനിച്ചിട്ടുള്ളത്
ലോകകപ്പ് സ്റ്റേഡിയങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് ശൃംഖല 99 ശതമാനം പൂര്‍ത്തിയായതായി ഖത്തര്‍ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാല്‍ അറിയിച്ചു. ലോകകപ്പിന് അന്താരാഷ്ട്ര നിലവാരമുള്ള ഗതാഗത സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അഷ്ഗാല്‍ വ്യക്തമാക്കി.
ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രൊജക്ട് ഖത്തര്‍ എക്‌സിബിഷനിലാണ് ലോകകപ്പിനൊരുക്കിയ സംവിധാനങ്ങളെ കുറിച്ച് അഷ്ഗാല്‍ അധികൃതര്‍ വിശദീകരിച്ചത്. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന എട്ട് വേദികളെയും ബന്ധിപ്പിച്ച് കൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള റോഡ് ശൃംഖലയാണ് ഒരുക്കിയിരിക്കുന്നത്.
സ്റ്റേഡിയങ്ങള്‍ക്കൊപ്പം ഫാന്‍ സോണുകളെയും പര്‌സപരം ബന്ധിപ്പിച്ചിട്ടുണ്ട്. മെട്രോ, ട്രാം സ്റ്റേഷനുകളിലേക്കും അനായാസം ചെന്നെത്താവുന്ന രീതിയിലാണ് ഈ നെറ്റ്‌വര്‍ക്ക് സംവിധാനിച്ചിട്ടുള്ളത്. ഇതിന്റെ 99 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചതോടെ അടിസ്ഥാന സൗകര്യമേഖലയുടെ നവീകരണത്തിന് അഷ്ഗാല്‍ 20 ബില്യണ്‍ ഡോളറിന്റെ പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുമായി സഹകരിച്ച് പൊതുഗതാഗതത്തിനുള്ള ഭൂഗര്‍ഭ പദ്ധതിയായ ഹൈഡ് ആന്റ് പാര്‍ക്ക് പദ്ധതി നടപ്പാക്കി വരികയാണെന്നും അഷ്ഗാല്‍ വ്യക്തമാക്കി.