ഇസ്രായേൽ തെമ്മാടി രാഷ്ട്രമാണെന്നതിന് സംശയമില്ല-സജി മാർക്കോസ്

അബൂബക്കർ കാരക്കുന്ന് ഫൗണ്ടേഷൻ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു സജി മാർക്കോസ്

Update: 2023-11-02 13:22 GMT
Advertising

ദോഹ: ലോകത്തിലെ തെമ്മാടി രാഷ്ട്രമാണ് ഇസ്രായേൽ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് എഴുത്തുകാരനും സഞ്ചാരിയുമായ സജി മാർക്കോസ്. അബൂബക്കർ കാരക്കുന്ന് ഫൗണ്ടേഷൻ സംഘടിപ്പിച്ച സൂം വെബിനാറിൽ 'ഫലസ്തീൻ മനുഷ്യാവകാശ പോരാട്ടവും പ്രൊപ്പഗണ്ട രാഷ്ട്രീയവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായേലിനേയും ഫലസ്തീനേയും രണ്ട് രാഷ്ട്രങ്ങളാക്കി പരിഹാരമുണ്ടാക്കാമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇനിയൊരു കാലത്ത് അത് സാധ്യമാകാത്ത തരത്തിലേക്ക് ഇസ്രായേൽ വെസ്റ്റ്ബാങ്കിനെ വെട്ടിമുറിച്ചിട്ടുണ്ടെന്നും ഏതെങ്കിലും കാലത്ത് ഇത്തരമൊരു നയം വന്നാൽ അതിന് കഴിയാതിരിക്കാനുള്ള എല്ലാ കുതന്ത്രങ്ങളും അവർ പ്രയോഗിച്ചു കഴിഞ്ഞതായും സജി മാർക്കോസ് പറഞ്ഞു.

വെസ്റ്റ്ബാങ്കിനെ തീർത്തും ഇല്ലാതാക്കുന്ന പ്രവർത്തികളാണ് 2006ന് ശേഷം ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഫലസ്തീൻ അതോറിറ്റി ഭരിക്കുന്ന സ്ഥലങ്ങളിൽ പോലും ഇസ്രായേൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇസ്രായേലിക്ക് ഈ പ്രദേശങ്ങളിലൂടെ 30 കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂർ മതിയാകുമെങ്കിൽ ഫലസ്തീനിക്ക് ആറു മണിക്കൂറെങ്കിലും വേണ്ടിവരുന്ന തരത്തിലാണ് കാര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഇസ്രായേലിക്കും ഫലസ്തീനിക്കും വാഹനത്തിന് രണ്ടുതരം നമ്പർ പ്ലേറ്റുകളാണെന്നും ഫലസ്തീനി നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ശക്തമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബ സമേതം ഒരിക്കൽ യാത്ര ചെയ്യുന്ന ഒരു ഫലസ്തീനിയും പിന്നീടൊരിക്കലും അത്തരമൊരു യാത്രയ്ക്ക് മുതിരില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം പ്രദേശത്ത് രണ്ടാം തരം പൗരന്മാരേക്കാൾ താഴ്ന്ന ജീവിതമാണ് ഫലസ്തീനികൾക്ക് നയിക്കേണ്ടി വരുന്നത്. ഗസ്സയെ തുറന്ന ജയിലെന്ന് വിശേഷിപ്പിക്കാമെങ്കിലും അതിനേക്കാൾ ഗതികെട്ട ജീവിതമാണ് വെസ്റ്റ്ബാങ്കിലെ ഫലസ്തീനിയുടേത്. സ്ഥലം കയ്യേറ്റത്തിന്റെ മാത്രമല്ല ആത്മാഭിമാനത്തിന്റെ കൂടി പ്രശ്നമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനുമായി ബന്ധപ്പെട്ട ചർച്ച എല്ലായ്പ്പോഴും ഹമാസിൽ കൊണ്ടുചെന്നെത്തിക്കുകയാണ് ഇസ്രായേലിന്റേയും സഖ്യരാഷ്ട്രങ്ങളുടേയും പതിവ്. ഇപ്പോഴത്തെ യുദ്ധം നടന്നില്ലെങ്കിലും ഫലസ്തീനികൾ ഗസ്സയിൽ നിന്നും പുറത്താക്കപ്പെടുമെന്നും അതിനുള്ള കരുനീക്കങ്ങൾ ഇസ്രായേൽ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനെ ഇല്ലാതാക്കാൻ ശ്രമിച്ചാലും ഫലസ്തീനിയെ ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് സജി മാർക്കോസ് പറഞ്ഞു. ഫലസ്തീൻ രാഷ്ട്രത്തെ ഇല്ലാതാക്കുന്നതോടെ ഇസ്രായേലികൾക്ക് എല്ലാ കാലത്തേക്കുമുള്ള സമാധാനം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ കയ്യേറ്റം നടന്നാലും ലോകരാജ്യങ്ങൾ ഇടപെടുമെങ്കിലും മുക്കാൽ നൂറ്റാണ്ടുകാലമായിട്ടും ഫലസ്തീൻ പ്രശ്നങ്ങളിൽ ലോകം മാന്യമായി ഇടപെടൽ നടത്തിയിട്ടില്ലെന്ന് നൈജീരിയയിലെ നൈൽ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സലീൽ ചെമ്പയിൽ പറഞ്ഞു. ഫലസ്തീൻ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധാരണ ജനങ്ങൾക്ക് സാധിച്ചെന്നു വരില്ല. എന്നാൽ ഫലസ്തീനികൾ നടത്തുന്നത് സ്വാതന്ത്ര്യ സമരമാണെന്ന് കണ്ട് അതിന് പിന്തുണ നൽകുകയാണ് 'ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്നവരുടെ' ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു. അബൂബക്കർ കാരക്കുന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് അശ്റഫ് തൂണേരി മോഡറേറ്ററായിരുന്നു. ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് നന്മണ്ട സ്വാഗതവും വൈസ് പ്രസിഡന്റ് വി കെ ജാബിർ നന്ദിയും പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News