കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിൽ ചേരുന്നവർക്ക് അർഹിച്ച പരിഗണന നൽകണം - ധനമന്ത്രി കെ.എൻ ബാലഗോപാൽ
ദോഹയിൽ കെ.എസ്.എഫ്.ഇ സംഘടിപ്പിച്ച പ്രവാസി മീറ്റിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി
ദോഹ: കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിൽ ചേരുന്നവർക്ക് അർഹിച്ച പരിഗണന നൽകണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ചിട്ടിയുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോളാണ് മന്ത്രിയുടെ പ്രതികരണം. ദോഹയിൽ കെ.എസ്.എഫ്.ഇ സംഘടിപ്പിച്ച പ്രവാസി മീറ്റിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ചിട്ടി പിടിച്ച ശേഷം പണം അക്കൗണ്ടിൽ എത്താൻ എടുക്കുന്ന കാലതാമസം, ബ്രാഞ്ചുകളിൽ നേരിടുന്ന പ്രയാസങ്ങൾ എന്നിവ ചൂണ്ടിക്കാണിച്ചപ്പോളാണ് ധനമന്ത്രിയുടെ പ്രതികരണം. കുറഞ്ഞ കാലത്തെ ലീവിനെത്തുന്ന പ്രവാസികൾക്ക് പലപ്പോഴും നൂലാമാലകൾ പ്രയാസമുണ്ടാക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്രവാസികൾക്ക് അർഹിക്കുന്ന പരിഗണന ഉറപ്പാക്കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഗൾഫ് രാജ്യങ്ങളിൽ കെ.എസ്.എഫ്.ഇ നടത്തുന്ന പ്രവാസി മീറ്റിറ്റിന്റെ ഭാഗമായാണ് ധനമന്ത്രിയും ചെയർമാൻ കെ. വരദരാജനും അടക്കമുള്ളവർ ഖത്തറിലെത്തിയത്. പ്രവാസികൾക്കായി ആവിഷ്‌കരിച്ച വിവിധ ചിട്ടി പദ്ധതികൾ മന്ത്രിയും ബോർഡ് പ്രതിനിധികളും വിശദീകരിച്ചു. 87,000 കോടി രൂപയാണ് കെ.എസ്.എഫ്.ഇയുടെ പ്രതിവർഷ വരുമാനം. വരും വർഷം ഇത് ഒരു ലക്ഷം കോടിയിലേക്ക് ഉയർത്തും.