ഏഷ്യൻ കപ്പ് ഫുട്‌ബോൾ ടിക്കറ്റ് വിൽപ്പന നാളെ ആരംഭിക്കും
നാല് കാറ്റഗറി ടിക്കറ്റുകളാണ് ഏഷ്യൻ കപ്പ് ഫുട്‌ബോളിനുള്ളത്
ദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വിൽപ്പന നാളെ മുതൽ തുടങ്ങും. ഖത്തർ ഫുട്‌ബോൾ അസോസിയേഷന്റെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് സ്വന്തമാക്കാം. 25 ഖത്തർ റിയാലാണ് ഏറ്റവും കുറഞ്ഞ നിരക്ക്. നാല് കാറ്റഗറി ടിക്കറ്റുകളാണ് ഏഷ്യൻ കപ്പ് ഫുട്‌ബോളിനുള്ളത്.
25 ഖത്തർ റിയാൽ അതായത് 600 രൂപയിൽ താഴെയുള്ള നിരക്കിൽ പ്രാഥമികറൌണ്ട്, പ്രീക്വാർട്ടർ മത്സരങ്ങൾ കാണാം. ഇത് കാറ്റഗറി മൂന്നിലുള്ള ടിക്കറ്റാണ്. കാറ്റഗറി ഒന്നിന് 60 റിയാലും രണ്ടിന് 40 റിയാലുമാണ് നിരക്ക്. 25 റിയാലിനുള്ള ആക്‌സസബിലിറ്റി ടിക്കറ്റുകളും ലഭ്യമാകും. ഉദ്ഘാടന മത്സരത്തിന് ഇത് യഥാക്രമം, 250, 100, 30 ഖത്തർ റിയാലാണ്. ഫൈനലിനും ഇതേ നിരക്ക് തന്നെ നൽകിയാൽ മതി. ക്വാർട്ടർ ഫൈനൽ,സെമി ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റ് 100, 60, 30 എന്ന രീതിയിലാണ്.
ആക്‌സസബിലിറ്റി ടിക്കറ്റിനും കാറ്റഗറി മൂന്നിലെ ടിക്കറ്റിനും ഒരേ നിരക്കാണ് നിശ്ചയിച്ചിട്ടുള്ളത്. ഓൺ ലൈൻ വഴി മാത്രമേ ടിക്കറ്റ് സ്വന്തമാക്കാൻ സാധിക്കൂ. ഖത്തർ ഫുട്‌ബോൾ അസോസിയേഷന്റെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ നൽകി ടിക്കറ്റെടുക്കാം. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഗൂഗിൾ പേ, ആപ്പിൾ പേ എന്നിവ വഴി പണമടയ്ക്കാനുള്ള സൗകര്യമുണ്ട്. ലോകകപ്പിലേത് പോലെ ടിക്കറ്റ് ഹയാ സംവിധാനവുമായി ബന്ധിപ്പിക്കില്ല. ഇത്തവണ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയാ കാർഡിന്റെ ആവശ്യമില്ലെന്നും ഏഷ്യൻ കപ്പ് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഖത്തറിൽ ഏഷ്യൻ കപ്പ് ഫുട്‌ബോൾ മത്സരങ്ങൾ നടക്കുന്നത്.