ഖത്തറില്‍ വീണ്ടും നിക്ഷേപവുമായി ടോട്ടല്‍ എനര്‍ജീസ്; നോര്‍ത്ത് ഫീല്‍ഡ് സൗത്ത് പ്രൊജക്ടിലും പങ്കാളി
ആഗോള ഊര്‍ജമേഖല ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പദ്ധതിയാണ് ഖത്തറിന്‍റെ നോര്‍ത്ത് ഫീല്‍ഡ് വികസന പദ്ധതി
ഖത്തറിന്‍റെ പ്രകൃതി വാതക മേഖലയില്‍ കൂടുതല്‍ നിക്ഷേപവുമായി ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ എനര്‍ജീസ്. നോര്‍ത്ത് ഫീല്‍ഡ് സൗത്ത് പ്രൊജക്ടില്‍ 1.5 ബില്യണ്‍ യുഎസ് ഡോളറാണ് ടോട്ടല്‍ എനര്‍ജീസ് നിക്ഷേപിക്കുന്നത്. ആഗോള ഊര്‍ജമേഖല ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പദ്ധതിയാണ് ഖത്തറിന്‍റെ നോര്‍ത്ത് ഫീല്‍ഡ് വികസന പദ്ധതി.
ഇതില്‍ നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പ്രൊജക്ടില്‍ ടോട്ടല്‍ എനര്‍ജീസ് ആദ്യം തന്നെ പങ്കാളികളായിരുന്നു. ഇതിന് പിന്നാലെയാണ് നോര്‍ത്ത് ഫീല്‍ഡ് സൌത്ത് പ്രൊജക്ടിലും വന്‍ നിക്ഷേപം നടത്തുന്നത്. 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതിലൂടെ 9.37 ശതമാനം ഓഹരിയാണ് ഫ്രഞ്ച് കമ്പനിക്ക് ലഭിക്കുന്നത്. ആകെ ഓഹരികളില്‍ 75 ശതമാനം ഖത്തര്‍ എനര്‍ജി കൈവശം വയ്ക്കുകയും ബാക്കി 25 ശതമാനം അന്താരാഷ്ട്ര കമ്പനികളുടെ നിക്ഷേപം സ്വീകരിക്കുകയുമാണ് ചെയ്യുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട മിക്ക കരാറുകളിലും ഇതിനോടകം തന്നെ ധാരണയായിട്ടുണ്ട‌്. എന്നാല്‍ ഓണ്‍ ഷോര്‍ പ്രൊജക്ടിലെ കരാര്‍ അടുത്തവര്‍ഷമാകും ഒപ്പുവയ്ക്കുക. അതിന് ശേഷമേ നോര്‍ത്ത് ഫീല്‍ഡ് സൌത്ത് വികസന പദ്ധതിയുടെ യഥാര്‍ഥ ചെലവ് കണക്കാക്കാനാകുവെന്ന് ഖത്തര്‍ ഊര്‍ജമന്ത്രി സഅദ് ഷെരീദ അല്‍ ഖഅബി പറഞ്ഞു. നോര്‍ത്ത് ഫീല്‍ഡ് വികസന പദ്ധതികളിലൂടെ വാര്‍ഷിക വാതക ഉല്‍പ്പാദനം 2027 ഓടെ 126 ദശലക്ഷം ടണ്‍ എത്തുമെന്നാണ് വിലയിരുത്തല്‍.