സ്കൂൾ തുറക്കും മുൻപ് വിദ്യാർഥികൾക്ക് കോവിഡ് വാക്സിൻ നൽകണം: ഖത്തര്‍ ആരോഗ്യ മന്ത്രാലയം
നിലവില്‍ 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ഖത്തറില്‍ വാക്സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ളത്
ഖത്തറിൽ സ്കൂളുകൾ തുറക്കുന്നതിന് മുൻപ് വിദ്യാർഥികൾക്ക് കോവിഡ് വാക്സിൻ നൽകാൻ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. സ്കൂളുകളില്‍ സുരക്ഷിതമായ പഠന സാഹചര്യം ഒരുക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പേ യോഗ്യരായ കുട്ടികള്‍ക്ക് വാക്സിനേഷന്‍ ഉറപ്പുവരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം വാക്സിനേഷന്‍ വിഭാഗം മേധാവി ഡോ സോഹ അല്‍ ബയാത്ത് ആവശ്യപ്പെട്ടു. നിലവില്‍ 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ഖത്തറില്‍ വാക്സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ളത്. സ്കൂളുകളില്‍ സുരക്ഷിതമായ പഠന സാഹചര്യം ഒരുക്കാന്‍ കുട്ടികളുടെ വാക്സിനേഷന്‍ മൂലം സാധിക്കും. അധ്യാപക അനധ്യാപകര്‍ ഉള്‍പ്പെടെ സ്കൂളുകളിലെ മറ്റ് ജീവനക്കാര്‍ക്കൊക്കെ ഇതിനകം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അടുത്ത അധ്യയന വര്‍ഷം സ്കൂളുകളില്‍ പൂര്‍ണാര്‍ത്ഥത്തില്‍ പഠനം തുടങ്ങുന്ന കാര്യത്തില്‍ ഇതുവരെ മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല. ഓണ്‍ലൈന്‍ ക്ലാസുകളും നേരിട്ടെത്തിയുള്ള പഠനവും സമന്വയിപ്പിച്ചുള്ള ബ്ലെന്‍ഡിങ് പഠന രീതിയാണ് ഇതുവരെ തുടര്‍ന്നത്. കൌമാരക്കാരില്‍ കോവിഡ് രോഗബാധ ഗുരുതര സ്വഭാവത്തിലേക്ക് മാറുന്നില്ലെങ്കിലും അണുബാധ ദീര്‍ഘകാലം നിലനില്‍ക്കുന്നതായാണ് കാണപ്പെടുന്നത്. കുടുംബത്തിലെ മറ്റ് അംഗങ്ങളിലേക്ക് രോഗം പകരാനും പ്രായമേറിയവരുടെ ജീവന് ഭീഷണിയാകാനും ഇതുവഴി സാധ്യതയുണ്ട്. അതിനാല്‍ തന്നെ കുട്ടികളുടെ വാക്സിനേഷന്‍ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും ഡോ സോഹ അല്‍ ബയാത്ത് പറഞ്ഞു.