പെരുന്നാള്‍ ആഘോഷിക്കാന്‍ ഖത്തറിലേക്ക് സന്ദര്‍ശക പ്രവാഹം; എത്തിയത് നാല് ലക്ഷം പേർ
അതിർത്തിയിലെ തിരക്കൊഴിവാക്കാനുള്ള പ്രീ-രജിസ്‌ട്രേഷൻ സേവനം തുടരും.
ദോഹ: പെരുന്നാള്‍ ആഘോഷിക്കാന്‍ അയൽ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വന്‍ സന്ദര്‍ശക പ്രവാഹം. ചെറിയ പെരുന്നാൾ അവധിക്കാലത്ത് ഖത്തറിന്റെ കര അതിർത്തിയായ അബൂ സംറ കടന്നെത്തിയത് നാല് ലക്ഷത്തോളം സന്ദർശകരാണ്.
376,500 സന്ദർശകരും 107,300 വാഹനങ്ങളും അതിർത്തി കടന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അവധി അവസാനിച്ചെങ്കിലും പൗരന്മാർക്കും താമസക്കാർക്കുമുള്ള മെട്രാഷ് രണ്ട് ആപ്ലിക്കേഷനിലും സന്ദർശകർക്കുള്ള ഹയ്യ പ്ലാറ്റ്‌ഫോമിലും അതിർത്തിയിലെ തിരക്കൊഴിവാക്കാനുള്ള പ്രീ-രജിസ്‌ട്രേഷൻ സേവനം തുടരും.
ഈദ് അവധിക്ക് തൊട്ടുമുമ്പാണ് ഖത്തർ പൗരന്മാർക്കും താമസക്കാർക്കുമായി അബൂസംറ അതിർത്തി കടക്കുന്നതിനുള്ള പ്രീ-രജിസ്‌ട്രേഷൻ സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്. ഇത് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മാത്രമായി അനുവദിച്ച ഫാസ്റ്റ് ലൈനിലൂടെ പുറപ്പെടാനും എത്തിച്ചേരാനുമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. അതോടൊപ്പം മറ്റു പാതകൾ സാധാരണപോലെ പ്രവർത്തിക്കുകയും ചെയ്യും.
പരമ്പരാഗത വിനോദ കേന്ദ്രങ്ങളായ സൂഖ് വാഖിഫ്, കതാറ മുതൽ ലുസൈൽ ബൊലെവാഡ്, മിന ഡിസ്ട്രിക്ട് തുടങ്ങിയ പുതിയ ഹോട്ട് സ്‌പോട്ടുകളിൽ വരെ നിരവധി സന്ദർശകരാണ് ഈദ് അവധിക്കാലത്ത് എത്തിയത്.