ഖത്തര്‍ ലോകകപ്പിന്റെ ആരോഗ്യ മാതൃക പിന്തുടരാന്‍ ലോകാരോഗ്യ സംഘടന
അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി പുതിയ ഗൈഡ് ഡബ്ല്യു എച്ച് ഒ പുറത്തിറക്കി.
ഖത്തര്‍ ലോകകപ്പിന്റെ ആരോഗ്യ മാതൃക പിന്തുടരാന്‍ ലോകാരോഗ്യ സംഘടന. അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി പുതിയ ഗൈഡ് ഡബ്ല്യു എച്ച് ഒ പുറത്തിറക്കി. 2022 ലോകകപ്പില്‍ ഖത്തര്‍ നടപ്പാക്കിയ ആരോഗ്യ-ഭക്ഷ്യ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ലോകാരോഗ്യ സംഘടനയുടെ ഗൈഡ്. ലോകകപ്പിനായി 2021 ല്‍ തന്നെ ലോകാരോഗ്യ സംഘടന ഫിഫയുമായും പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റിയുമായും സഹകരണം പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നത് മുതൽ ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കുന്നത് വരെ ഈ സഹകരണത്തിലുൾപ്പെട്ടിരുന്നു.
സ്റ്റേഡിയങ്ങൾക്കുള്ളിലെ സമ്പൂർണ പുകയില നിരോധനവും ആരോഗ്യകരമായ ഭക്ഷണ വിതരണവും ചെറിയ ഉദാഹരണങ്ങൾ മാത്രം. കായിക ചാമ്പ്യൻഷിപ്പുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും ഭക്ഷണവുമായി ബന്ധപ്പെട്ട ക്രമീകരണവും മെച്ചപ്പെടുത്തുന്നതിൽ പുതിയ ഗൈഡ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഖത്തറില്‍ വിതരണം ചെയ്ത ഭക്ഷണത്തിന്റെ 30 ശതമാനവും പോഷകാഹാര മാനദണ്ഡങ്ങൾക്ക് അനുസൃതമായിരുന്നു. വരാനിരിക്കുന്ന ലോക ചാന്പ്യന്‍ഷിപ്പുകളിലും ഈ മാതൃക പിന്തുടരണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഗൈഡ് പുറത്തിറക്കിയത്.