ലോകകപ്പ് അടുത്തതോടെ ഖത്തറിൽ വീട്ടുവാടക കുത്തനെ ഉയരുന്നു
ലോകകപ്പ് അടുത്തതോടെ ഖത്തറിൽ വീട്ടുവാടക കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. 30 ശതമാനത്തിലേറെയാണ് ചിലയിടങ്ങളിൽ നിലവിൽ വാടക കൂടിയിരിക്കുന്നത്. ഈ വർഷം രണ്ടാം പാദത്തിലെ കണക്കുകൾ അവലോകനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.
റിയൽ എസ്റ്റേറ്റ് അഡൈ്വസറി മേഖലയിലെ പ്രമുഖരായ കുഷ്മാൻ ആൻ വേക്ക് ഫീൽഡാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ലോകകപ്പ് ഫുട്‌ബോൾ കഴിയും വരെ ഖത്തറിലെ വീട്ടുവാടക ഉയർന്നു തന്നെ നിൽക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അപ്പാർട്‌മെന്റുകളുടെ ആവശ്യകതയിൽ വൻ വർധയാണ് ഉണ്ടായത്. ഹ്രസ്വകാല ആവശ്യങ്ങൾ കൂടിയതോടെ വാടകയിൽ 30 ശതമാനത്തിലേറെ വർധന ചില മേഖലകളിൽ രേഖപ്പെടുത്തി.
ആദ്യ പാദത്തിൽ ഏഴ് ശതമാനം വരെയായിരുന്നു വർധനവ്. എന്നാൽ ഇത് ഉടമസ്ഥർ മുതലെടുത്തതോടെ രണ്ടാംപാദത്തിൽ വാടക കുത്തനെ ഉയരുകയായിരുന്നു. ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുന്ന ആരാധകർക്ക് സൗകര്യമൊരുക്കാൻ സുപ്രീം കമ്മിറ്റിയും ജീവനക്കാർക്ക് താമസമൊരുക്കാൻ കോർപ്പറേറ്റ് കമ്പനികളും വൻ തോതിൽ വില്ലകളും അപ്പാർട്‌മെന്റുകളും ബുക്ക് ചെയ്യുന്നുണ്ട്.
ആരാധകർക്കായി പലവിധ സജ്ജീകരണങ്ങളാണ് ഖത്തറിൽ ഒരുങ്ങുന്നത്. കളിയാസ്വാദകർക്ക് താമസിക്കാൻ ലക്ഷ്വറി സൗകര്യങ്ങളുമായി രണ്ട് അത്യാഢംബര കപ്പലുകൾ നവംബർ രണ്ടാംവാരത്തോടെ ദോഹ തീരത്തെത്തുമെന്ന് സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി അറിയിച്ചിട്ടുണ്ട്. രണ്ട് കപ്പലുകളിലുമായി 4000 മുറികളുണ്ടാകും. ഇതിൽ 9000 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
നവംബർ പത്തിന് ആദ്യ കപ്പലും 14ന് രണ്ടാമത്തെ കപ്പുലും ദോഹ തീരത്ത് നങ്കൂരമിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന വ്യത്യസ്തമായ വിനോദ പരിപാടികളും ക്രൂസ് ഷിപ്പുകളിൽ ഒരുക്കുന്നുണ്ട്. ആരാധകർക്ക് ഫിഫ അക്കമഡേഷൻ പോർട്ടൽ വഴി ഈ താമസ സൗകര്യം പ്രയോജനപ്പെടുത്താം. കൂടാതെ പാരമ്പര്യ അറബിക് ടെന്റുകളും മറ്റുമായി വൈവിധ്യമാർന്ന സൗകര്യങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.