സ്കൂൾ കുട്ടികളുള്ള സർക്കാർ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴിൽ സമയം കുറയ്ക്കും
സ്ത്രീ ശാക്തീകരണവും സ്ത്രീകളിലെ അമിത സമ്മര്‍ദം കുറയ്ക്കലും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ദോഹ: സ്കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴില്‍ സമയം കുറയ്ക്കാന്‍ പദ്ധതി. ഇതിന്റെ പൈലറ്റ് പദ്ധതി ഈ വര്‍ഷത്തെ മധ്യകാല അവധിക്കാലത്ത് നടപ്പാക്കും.
സര്‍ക്കാര്‍ ജീവനക്കാരായ ഖത്തരി സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സ്കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള ഖത്തരി സ്ത്രീകളുടെ ജോലി സമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. ഈ മാസം 24 മുതല്‍ ജനുവരി നാല് വരെയുള്ള കാലയളവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും.
തുടര്‍ന്ന് തൊഴില്‍ സമയം കുറയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന ഗുണങ്ങളും പ്രയാസങ്ങളും സിവില്‍ സര്‍വീസ് അന്‍റ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ വിലയിരുത്തും. സ്ത്രീ ശാക്തീകരണവും സ്ത്രീകളിലെ അമിത സമ്മര്‍ദം കുറയ്ക്കലും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.