ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറിൽ
പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഇലക്ട്രിക് ബസ് ഡിപ്പോ
ദോഹ: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറിൽ ഉദ്ഘാടനം ചെയ്തു. 478 ബസുകൾക്ക് ശേഷിയുള്ള ലുസൈൽ ബസ് ഡിപ്പോ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അൽ സുലൈത്തിയാണ് ഉദ്ഘാടനം ചെയ്തത്. ഖത്തറിന്റെ ആസൂത്രിത നഗരമായ ലുസൈലിലാണ് ബസ് ഡിപ്പോ പ്രവർത്തിക്കുക.
നാല് ലക്ഷം സ്‌ക്വയർ മീറ്റർ വിശാലതയുള്ള ഡിപ്പോയെ മൂന്ന് സോണുകളായി തിരിച്ചിരിക്കുകയാണ്. ആദ്യ സോണിൽ 478 ബസുകളുടെ പാർക്കിങ് സൗകര്യം ആണ്. 248 ഇലക്ട്രിക് ചാർജിങ് ഉപകരണങ്ങളും ഇവിടെയുണ്ട്. ബസുകളുടെ അറ്റകുറ്റപ്പണികൾക്കും ഇവിടെ സൗകര്യമുണ്ട്. രണ്ടാം സോൺ ജീവനക്കാർക്കുള്ള താമസ സൗകര്യങ്ങളാണ്. മൂന്നാം സോണിൽ റാപ്പിഡ് ട്രാൻസിറ്റ് ബസുകൾക്കുള്ള കേന്ദ്രമാണ്. നിലവിൽ 24 ബസുകൾക്കാണ് സൗകര്യമുള്ളത്. കേന്ദ്രത്തിലേക്ക് ആവശ്യമായ വൈദ്യുതി സോളാർ പാനൽ ഉപയോഗിച്ച് ഇവിടെ തന്നെ നിർമിക്കും. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഇലക്ട്രിക് ബസ് ഡിപ്പോ.