ഗസ്സയ്ക്ക് മരുന്നും ഭക്ഷണവുമായി ഖത്തര്‍; 37 ടൺ വസ്തുക്കൾ ഈജിപ്തിലെത്തിച്ചു
ഭക്ഷ്യ വസ്തുക്കൾ, മരുന്ന്, ആശുപത്രി കിടക്കകൾ ഉൾപ്പെടെ വിമാനത്തിലുണ്ട്.
ദോഹ: ഇസ്രായേലിന്റെ ആക്രമണത്തിൽ ദുരിതത്തിലായ ഗസ്സയ്ക്ക് മരുന്നും ഭക്ഷണവുമായി ഖത്തര്‍. 37 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി ഖത്തരി വിമാനം ഈജിപ്തിലെ സിനായിലെത്തി. ഖത്തര്‍ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശ പ്രകാരമാണ് അവശ്യ വസ്തുക്കളുമായി ഖത്തരി വിമാനം ഈജിപ്തിലെത്തിയത്.
ഭക്ഷ്യ വസ്തുക്കൾ, മരുന്ന്, ആശുപത്രി കിടക്കകൾ തുടങ്ങി വിവിധ വസ്തുക്കള്‍ വിമാനത്തിലുണ്ട്. ഈജിപ്തും ഗസ്സയും അതിർത്തി പങ്കിടുന്ന റഫ വഴി റോഡുമാർഗം കടന്നു പോകാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് സിനായിലെ അൽ അരിഷി വിമാനത്താവളത്തില്‍ വസ്തുക്കള്‍ എത്തിച്ചത്. തുർക്കി, ജോർഡൻ, യു.എ.ഇ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നും ദുരിതാശ്വാസ സഹായങ്ങളുമായി വിമാനങ്ങൾ ഇവിടെയെത്തിയിട്ടുണ്ട്.
പത്തു ദിവസം മുമ്പ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഖത്തർ ചാരിറ്റി നേതൃത്വത്തിൽ തന്നെ ഫലസ്തീൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 'ഫോര്‍ ഫലസ്തീന്‍' എന്ന പേരിൽ ആരംഭിച്ച കാമ്പയിനിൽ രാജ്യത്തെ പൗരന്മാരും, താമസക്കാരും, വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ ആയിരങ്ങളാണ് സംഭാവനകൾ നൽകുന്നത്.