ഹജ്ജ് തീർഥാടകർക്ക് ആശ്വാസം; ലഗേജുകൾ ഇനി താമസ സ്ഥലങ്ങളിലെത്തിക്കും
ജിദ്ദ എയർപോർട്ട് വഴി എത്തുന്ന വിദേശ ഹാജിമാരുടെ ലഗേജുകൾ വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ച് മക്കയിലെ താമസ സ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുന്നതിനാണ് കരാർ
മക്ക: ഹാജിമാരുടെ ലഗേജുകൾ താമസ സ്ഥലങ്ങളിൽ എത്തിക്കാനുള്ള കരാറായി. ഹജ്, ഉംറ മന്ത്രാലയവും സക്കാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുമാണ് കരാർ ഒപ്പു വെച്ചത്. ജിദ്ദ എയർപോർട്ട് വഴി എത്തുന്ന വിദേശ ഹാജിമാരുടെ ലഗേജുകൾ വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ച് മക്കയിലെ താമസ സ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുന്നതിനാണ് കരാർ.
ഹജ്ജ് തീർഥാടകർക്കുളള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പുതിയ കരാർ. ജിദ്ദ വിമാനത്താവളത്തിലെ ഇൻ്റർനാഷണൽ ടെർമിനലിൽ നിന്ന് തീർഥാടകരുടെ ലഗേജുകൾ കസ്റ്റംസ് വിഭാഗം നേരിട്ട് സ്വീകരിക്കും. ശേഷം കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിലെ തീർഥാടകരുടെ താമസസ്ഥലങ്ങളിൽ എത്തിച്ച് നൽകും. ഇത് മൂലം വിമാനമിറങ്ങിയ തീർഥാടകർക്ക് ബാഗേജുകൾക്കായി കാത്തിരിക്കാതെ വേഗത്തിൽ പുറത്തിറങ്ങി മക്കയിലേക്ക് പുറപ്പെടാം. ഇത്തവണ ഏതാനും രാജ്യങ്ങളിലെ തീർഥാടകർക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. മക്ക റൂട്ട് പദ്ധതിയിൽ വരുന്ന തീർഥാടകർക്ക് ലഭിക്കുന്ന സേവനങ്ങൾക്ക് സമാനമാണിത്. എന്നാൽ മക്ക റൂട്ട് പദ്ധതിയിൽ തീർഥാടകരുടെ സ്വന്തം രാജ്യങ്ങളിൽ വെച്ച് തന്നെ ലഗേജുകൾ സ്വീകരിക്കുകയും മക്കയിലേയും മദീനയിലേയും താമസ സ്ഥലത്തങ്ങളിൽ എത്തിച്ച് നൽകുകയും ചെയ്യും.. അതേ സമയം പുതിയ കരാർ പ്രകാരം ജിദ്ദ എയർപോർട്ടിൽ വെച്ചാണ് ഹാജിമാരുടെ ലഗേജുകൾ കസ്റ്റംസ് അധികൃതർ സ്വീകരിച്ച് താമസ സ്ഥലത്ത് എത്തിച്ച് നൽകുക. മക്ക റൂട്ട് പദ്ധതി ആരംഭിച്ചിട്ടില്ലാത്ത രാജ്യങ്ങളിലെ തീർഥാടകർക്ക് ഏറെ ആശ്വാസമേകുന്നതാണ് ഈ പുതിയ സേവനം.