സുഡാനിലെ രക്ഷപ്പെടുത്തല്‍; സൗദിക്ക് നന്ദി പറഞ്ഞ് സൗഹൃദ രാജ്യങ്ങൾ
സൈനിക വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുന്ന സുഡാനിൽ നിന്ന് വിദേശികളെ ഒഴിപ്പിക്കാൻ സഹായിച്ച സൗദിക്ക് നന്ദി പറഞ്ഞ് സൗഹൃദ രാജ്യങ്ങൾ.
വിദേശികളെ ഒഴിപ്പിക്കുന്നതിൽ സൗദി അറേബ്യയുടേയും എത്യോപ്യയുടേയും ജിബൂത്തിയുടേയും സഹായം നിർണായകമായതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അമേരിക്കൻ ഗവൺമെന്റ് ഉദ്യോഗസ്ഥരെ ഖാർത്തൂമിൽനിന്ന് അമേരിക്കൻ സൈന്യം ഒഴിപ്പിച്ചതായും ബൈഡൻ പറഞ്ഞു. കുവൈത്ത്, ഖത്തർ, സൗദി തുടങ്ങി 13 രാജ്യങ്ങളിലുള്ള പൗരൻമാരെയാണ് സൗദി വഴി രക്ഷപ്പെടുത്തിയത്..
സുഡാനിൽ സ്ഥിതിഗതികൾ ശാന്തമാക്കാനും പോരാട്ടം അവസാനിപ്പിക്കാനും സാധാരണക്കാരായ സുഡാനികൾക്കും സുഡാനിൽ കഴിയുന്ന വിദേശികൾക്കും ആവശ്യമായ സുരക്ഷ ഒരുക്കാനും നടത്തുന്ന ശ്രമങ്ങളും സൗദി, കുവൈത്ത് വിദേശ മന്ത്രിമാർ വിശകലനം ചെയ്തു.
സുഡാൻ സംഘർഷവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനെ കുറിച്ചും സൗദി വിദേശ മന്ത്രിയും സ്വീഡിഷ് വിദേശ മന്ത്രി ടോബിയാസ് ബിൽസ്‌ട്രോമും ചർച്ച ചെയ്തു.
സുഡാൻ സംഘർഷത്തിന്റെ ആദ്യ ദിനം ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആക്രമണത്തിന് വിധേയമായ സൗദിയ വിമാനത്തിലെ ജീവനക്കാരും സൗദി നാവികസേനാ കപ്പലിൽ ജിദ്ദയിലെത്തിയിരുന്നു.
സുരക്ഷാ സ്ഥിതിഗതികൾ വഷളായിട്ടും സുഡാനിലുണ്ടായിരുന്ന മുഴുവൻ സൗദി പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സുഡാൻ സൗദി അംബാസഡർ അലി ബിൻ ഹസൻ ജഅ്ഫർ പറഞ്ഞു.