പെർമിറ്റില്ലാതെ ഹജ്ജിനെത്തിയ 17615 പേർ പിടിയിൽ; രണ്ട് ലക്ഷത്തിലധികം പേരെ തിരിച്ചയച്ചു

സൗദിയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്ന നൂറിലധികം വ്യാജ ഹജ്ജ് സേവന കേന്ദ്രങ്ങളും കണ്ടെത്തി

Update: 2023-07-02 19:03 GMT
Advertising

പെര്‍മിറ്റില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ച പതിനേഴായിരത്തിലധികം പേരെ പിടികൂടിയതായി സൗദി സുരക്ഷാ വിഭാഗം അറിയിച്ചു. അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചതിന് നിരവധി ഡ്രൈവർമാരും അറസ്റ്റിലായിട്ടുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്ന നൂറിലധികം വ്യാജ ഹജ്ജ് സേവന കേന്ദ്രങ്ങളും കണ്ടെത്തി.

അനധികൃതമായി ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്കും അതിന് സൌകര്യമൊരുക്കി കൊടുക്കുന്നവർക്കുമെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനായി ചെക്ക് പോസ്റ്റുകളിൽ ജവാസാത്തിൻ്റെ സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളും പ്രവർത്തിച്ചിരുന്നു. ഇതൊന്നും വകവെക്കാതെ ഹജ് നിർവഹിക്കാൻ ശ്രമിച്ച 17,615 പേരെയാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. ഇതിൽ 9,509 പേര്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരും നുഴഞ്ഞുകയറ്റക്കാരുമാണ്.

വിവിധ പ്രവിശ്യകളിലായി പ്രവര്‍ത്തിച്ചിരുന്ന 105 വ്യാജ ഹജ് സേവന സ്ഥാപനങ്ങളും സുരക്ഷാ വിഭാഗം കണ്ടെത്തി. ഇവയുടെ നടത്തിപ്പുകാരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി പ്രസിഡൻ്റുമായ ലെഫ്റ്റൻ്റ് ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി അറിയിച്ചു. ഹജ്ജ് ദിവസങ്ങളിൽ അനുമതിപത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 2,02,695 വിദേശികളെ ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചു.

Full View

കൂടാതെ പ്രത്യേക പെര്‍മിറ്റ് നേടാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,28,999 വാഹനങ്ങളും ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചിട്ടുണ്ട്. മാത്രവുമല്ല ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 33 ഡ്രൈവര്‍മാരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായും മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു .

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News