പത്ത് വർഷത്തിന് ശേഷം യമനിലേക്ക് ഇന്ത്യ അംബാസിഡറെ നിയമിച്ചു
സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാനാണ് യമനിലെ അധിക ചുമതല
പത്ത് വർഷത്തിന് ശേഷം യമനിലേക്ക് ഇന്ത്യ അംബാസിഡറെ നിയമിച്ചു. സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാനാണ് യമനിലെ അധിക ചുമതല. അംബാസിഡറായ ചുമതലയേറ്റതിന് പിന്നാലെ ഡോ. സുഹൈൽ അജാസ് ഖാൻ യമനിലെത്തി. കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ യമന്റെ കൂടി വിദൂര-സ്ഥാപനപതി ചുമതലയേറ്റത്. സൗദിയിൽ നിന്നാകും ഇദ്ദേഹം യമന്റെയും ചുമതല വഹിക്കുക. യമൻ വിദേശകാര്യ മന്ത്രി ഡോ. ഷയ മുഹ്‌സിൻ സിൻദാനിക്ക് ഇദ്ദേഹം നിയമനപത്രം കൈമാറി. ഇരുവരും നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്ന കാര്യങ്ങലും ചർച്ച ചെയ്തു. ഏദനിലെത്തിയ അംബാസിഡർ ഇന്ത്യൻ പ്രവാസികളുമായി സംസാരിക്കും.
രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തര സംഘർഷത്തേയും തുടർന്ന് 2015 മുതൽ യമനിലെ സൻആയിലുണ്ടായിരുന്ന ഇന്ത്യൻ എംബസി നേരിട്ട് പ്രവർത്തിക്കുന്നില്ല. ജിബാട്ടിയിൽ താൽക്കാലിക ഓഫീസ് സ്ഥാപിച്ച് ഇവിടെ നിന്നാണ് യമനിലേക്കുള്ള ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ. പത്ത് വർഷത്തിന് ശേഷം ഇന്ത്യൻ അംബാസിഡർ യമനിലേക്ക് നേരിട്ടെത്തുന്നതും ആദ്യമായാണ്. സൗദിയിലെ അംബാസിഡറായ ഡോ. സുഹൈൽ അജാസ് ഖാൻ നേരത്തെ ലബനോനിലും സ്ഥാനപതിയായി സേവനം ചെയ്തിട്ടുണ്ട്.