ജിദ്ദ - കോഴിക്കോട് സെക്ടറിൽ പ്രത്യേക വിമാന സർവീസുമായി എയർ ഇന്ത്യ എക്‌സ്പ്രസ്സ്
പുതിയ സർവീസ് ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്ക് പോകുന്നവർക്ക് ഏറെ ആശ്വാസകരമാകും.
ജിദ്ദ-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ എക്‌സ്പ്രസ്സ് പ്രത്യേക വിമാന സർവ്വീസ് ആരംഭിച്ചു. ജൂലൈ പതിനഞ്ച്, പതിനേഴ് തിയതികളിലായി രണ്ട് സർവ്വീസുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. അതേ സമയം പ്രവാസികൾക്ക് സൗദിയിലേക്ക് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരുകയാണ്.
ഏതാനും മാസങ്ങളായി ജിദ്ദയിൽ നിന്നും ഇന്ത്യയിലെ ഒരു വിമാനതാവളത്തിലേക്കും എയർ ഇന്ത്യ സർവ്വീസ് നടത്തിയിരുന്നില്ല. ചാർട്ടേഡ് വിമാനങ്ങളിലായിരുന്നു ജിദ്ദയിൽ നിന്നും പ്രവാസികൾ ഇന്ത്യയിലേക്ക് യാത്ര ചെയ്തിരുന്നത്. ഇതിനിടെയാണ് ജിദ്ദ-കോഴിക്കോട് സെക്ടറിൽ ഈ മാസം 15നും 17നു മായി രണ്ട് പ്രത്യേക സർവ്വീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചത്.
പുതിയ സർവ്വീസ് ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്ക് പോകുന്നവർക്ക് ഏറെ ആശ്വാസകരമാകും. വന്ദേഭാരത് പദ്ധതിപ്രകാരമാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് നടത്തുക.ഷെഡ്യൂൾ പ്രകാരമുള്ള ആദ്യ വിമാനം ഇന്ന് രാവിലെ 11.20ന് ജിദ്ദയിൽ നിന്നും പുറപ്പെട്ടു. 160 യാത്രക്കാരുമായി പുറപ്പെട്ട വിമാനം വൈകുന്നേരം 7.40 ന് കോഴിക്കോടിറങ്ങി. 16, 18 തിയതികളിലായി ജിദ്ദയിൽ നിന്നും ലഖ്നൌവിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് നടത്തും.
അതേ സമയം ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ സാധിക്കാതെ വിവിധ രാജ്യങ്ങളെ ഇടത്താവളമാക്കിയാണ് പ്രവാസികൾ ഇപ്പോഴും സൗദിയിലേക്ക് വന്ന് കൊണ്ടിരിക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യൻ എംബസി നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുന്നുണ്ടെങ്കിലും, ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗത്തിനുള്ള സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ, നേരിട്ടുള്ള സർവ്വീസുകൾ ഇനിയും വൈകുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ.