അല്‍കോബാര്‍ പ്രവാസി വെൽഫെയർ ഇഫ്താർ സംഗമവും ചർച്ചാ സദസ്സും സംഘടിപ്പിച്ചു.


അൽഖോബാർ: പ്രവാസി വെൽഫെയർ അൽഖോബാർ റീജിയണല്‍ ദക്ഷിണ മേഖലാ കമ്മിറ്റി ഇഫ്താർ സംഗമവും സമകാലീന വിഷയങ്ങളെ ആസ്പദമാക്കി ചർച്ചാ സദസ്സും സംഘടിപ്പിച്ചു. ലഹരി, ഫാസിസം, ഗസ്സ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു. കേരളത്തിൽ കേട്ട് കേൾവിയില്ലാത്ത വിധം ലഹരിയുടെ ഉപയോഗവും അനുബന്ധ അക്രമ സംഭവങ്ങളും വർധിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സമൂഹവും സ്കൂൾ അധികൃതരും കുടുംബങ്ങളും വളരെ ജാഗ്രത്തായി ഇരിക്കുകയും സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടാവുകയും വേണം. ഫാസിസം അതിന്റെ സകല സീമകളും ലംഘിച്ചു അക്രമാസക്തമായി മാറുന്ന കാഴ്‌ച ആണ് സമകാലീന ഇന്ത്യയിൽ നടക്കുന്നത്. പ്രതികരിക്കുന്നവർ ദേശ വിരുദ്ധരാകുന്ന അവസ്ഥ. വെറുപ്പിനെ മാറ്റിനിർത്തി ജനതയോടും ജനാധിപത്യത്തോടും ഭരണഘടനയോടുമുളള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത നാം ആർജ്ജിക്കേണ്ടതുണ്ട്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റിൽ പറത്തി ഇസ്രയേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ ഒന്നായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ദക്ഷിണ മേഖല പ്രസിഡന്റ് ഷനൂജ് അധ്യക്ഷത വഹിച്ചു. റീജിയണൽ പ്രസിഡന്റ് ഖലീലുറഹ്മാൻ അന്നദ്‌ക്ക മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഫൗസിയ മൊയ്‌ദീൻ സംസാരിച്ചു. ട്രഷറർ ഹാരിസ് സ്വാഗതവും സാബു മേലതിൽ നന്ദിയും പറഞ്ഞു.