ഹീറ്ററുകള്‍ നിശബ്ദ കൊലയാളികളായേക്കാമെന്ന് വിലയിരുത്തല്‍
ഹീറ്ററുകള്‍ കെട്ടിടങ്ങള്‍ക്കുള്ളിലും അടഞ്ഞമുറികളിലും ഉപയോഗിക്കുമ്പോഴാണ് വലിയ അപകത്തിലേക്ക് നയിക്കുന്നത്
തണുപ്പ്കാലം ശക്തിപ്രാപിച്ചതോടെ പ്രവാസികള്‍ക്കിടയില്‍ ഹീറ്ററുകളുടെ ഉപയോഗവും വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ ചില പ്രത്യേകതരം ഹീറ്ററുകളുടെ കാര്യക്ഷമമല്ലാത്ത ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും അപകടകരമാണെന്നും ആ ഉപയോഗം പതിയെപ്പതിയെ ജീവന്‍വരെ അപഹരിച്ചേക്കാമെന്നുമാണ് ഹീറ്റ് ട്രാന്‍സ്ഫര്‍ സ്‌പെഷ്യലിസ്റ്റ്, ഫാരിസ് അല്‍-ഫാരിദി മുന്നറിയിപ്പു നല്‍കുന്നത്.
ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് ഇലക്ട്രിക് ഹീറ്ററുകള്‍, ഹാലജന്‍ ഹീറ്ററുകള്‍ തുടങ്ങിയ വിവിധതരം ഹീറ്ററുകളെക്കുറിച്ചും ഉപയോഗ വശങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചത്.
സുരക്ഷാ ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, മറ്റു തരങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകളുള്ള എയര്‍ കണ്ടീഷണറുകളും ഓയില്‍ ഹീറ്ററുകളുമാണ് ഏറ്റവും സുരക്ഷിതമായവയെന്ന് അല്‍-ഫരീദി പറഞ്ഞു.
വീടിന് പുറത്തോ, ടറസുകളോ ചൂടാക്കാന്‍ വേണ്ടി ഗ്യാസോ പാചക വാതകമോ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഔട്ട്‌ഡോര്‍ ഹീറ്ററുകളാണ് ഇവയില്‍ ഏറ്റവും അപകടകരമെന്നാണ് അദ്ദേഹം പറയുന്നത്. അവ കെട്ടിടങ്ങള്‍ക്കുള്ളിലും അടഞ്ഞമുറികളിലും ഉപയോഗിക്കുമ്പോഴാണ് വലിയ അപകത്തിലേക്ക് നയിക്കുന്നത്. ഈ തരം ഹീറ്ററില്‍നിന്ന് പുറപ്പെടുന്ന വാതകങ്ങള്‍ സ്ഥിരമായി ശ്വസിക്കുകയോ സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യുന്നതോടെ ആളുകളുടെ ആരോഗ്യത്തെ ഇത് സാരമായി ബാധിക്കും. തുടര്‍ന്ന് സാവധാനത്തിലുള്ള മരണത്തിന് വരെ ഇത് കാരണമാവുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍