റഹീം കേസ് വീണ്ടും മാറ്റി വെച്ചു; ജനുവരി 15ന് വീണ്ടും പരിഗണിക്കും
കേസ് പഠിക്കാനായാണ് മാറ്റിയത്
റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് വീണ്ടും മാറ്റി വെച്ചു. കേസ് പഠിക്കാനായി കൂടുതൽ സമയം വേണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ജനുവരി 15ന് രാവിലെ എട്ട് മണിക്ക് കേസ് വീണ്ടും പരിഗണിക്കും.
ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ഇതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് ഇന്ന് പ്രതീക്ഷിച്ചത്. ഇന്ന് രാവിലെ 11.30 ന് കേസ് പരിഗണിച്ചുവെങ്കിലും വാദം പൂർത്തിയായില്ല. കേസ് കൂടുതൽ പഠിക്കാനായി മാറ്റിവെക്കുകയായിരുന്നു. ജനുവരി 15ന് രാവിലെ എട്ട് മണിക്ക് കേസ് വീണ്ടും പരിഗണിക്കും. മകന്റെ മോചനം വേഗത്തിലാക്കാൻ വേണ്ട നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് റഹീമിന്റെ മാതാവ് പറഞ്ഞു.
ഇരുഭാഗത്തിന്റെയും അഭിഭാഷകരും നിയമ വിദഗ്ധരും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. പബ്ലിക് പോസിക്യൂഷൻ കേസുമായി ബന്ധപ്പെട്ട് നൽകിയ വാദത്തിൽ റഹീമിന്റെ അഭിഭാഷകർ മറുപടി നൽകിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി വിധി വരേണ്ടത്. നിലവിൽ 18 വർഷത്തിലേറെ റഹീം ജയിൽവാസം അനുഭവിച്ചതിനാൽ ഇതൊഴിവാക്കി മോചന ഉത്തരവ് ലഭിക്കുമെന്നാണ് റിയാദിലെ റഹീം നിയമ സഹായ സമിതിയുടെ പ്രതീക്ഷ.
റഹീം കേസിന്റെ നടപടികൾ പിന്തുടരുന്നത് ഇന്ത്യൻ എംബസിയും റഹീമിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും പ്രതിഭാഗം വക്കീലുമാണ്. ഈ മാസം 12ന് നടക്കേണ്ടിയിരുന്ന സിറ്റിംഗ് സാങ്കേതിക തടസങ്ങൾ മൂലം കോടതി ഇന്നേക്ക് നീട്ടിയതായിരുന്നു. മോചനത്തിന് മുന്നോടിയായി വധശിക്ഷയുമായി ബന്ധപ്പെട്ട ജയിൽ ശിക്ഷയുടെ വിധിയുണ്ടായേക്കും. ജനുവരി 15ന് അനുകൂല വിധി വന്നാൽ ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകും. റഹീമിന്റെ മടക്ക യാത്രക്കുള്ള രേഖകൾ എംബസി തയ്യാറാക്കിയിട്ടുണ്ട്. 2006 ഡിസംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസിൽ അബ്ദുൽ റഹീം ജയിലിലാകുന്നത്.