മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ദമ്മാം ഒ.ഐ.സി.സിയുടെ പ്രതിഷേധം
സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ദമ്മാം ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ത്യയില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിക്കുമെതിരെയും ഉയരാത്ത ആരോപണമാണ് പിണറായി വിജയനെതിരെ ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷണനും കൂട്ടുപ്രതിയാണെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും സംഗമം കുറ്റപ്പെടുത്തി.
പ്രതിഷേധങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്ന സി.പി.എം നിലപാട് തീവ്രവാദപരവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. കെ.പി.സി.സിയും യു.ഡി.എഫും നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പൂര്‍ണ്ണ പിന്തുണ അറിയിച്ചു.
മുഖ്യമന്ത്രിയുടെ കറുപ്പ് പേടിയില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യവും മുഴക്കി. ഒ.ഐ.സി.സി മലപ്പുറം ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ വണ്ടൂര്‍ അധ്യക്ഷത വഹിച്ച പ്രതിഷേധസംഗമം റീജണല്‍ കമ്മിറ്റി ഓഡിറ്റര്‍ അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി മെംബര്‍മാരായ അഷ്റഫ് കൊണ്ടോട്ടി, ഷൌക്കത്ത്, നഫീര്‍, ജില്ലാ യൂത്തുവിങ് പ്രസിഡണ്ട് ഷാഹിദ് കൊടിയങ്ങേല്‍, സെക്രട്ടറി സിദ്ധീക്ക്, ട്രഷറര്‍ അബ്ദുള്ള തൊടിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ സംഗമത്തിന് ജില്ലാ ജനറല്‍സെക്രട്ടറി ഹമീദ് മരക്കാശ്ശേരി സ്വാഗതവും ജില്ലാ സെക്രട്ടറി അബ്ദുള്‍റഹ്മാന്‍ നന്ദിയും പറഞ്ഞു.