സൗദിയിലെ പുതിയ ഇന്ത്യൻ അംബാസിഡറായി ഡോ. സുഹൈൽ അജാസ് ഖാൻ ചുമതലയേറ്റു
26ന് റിപ്പബ്ലിക് ദിനത്തിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും
സൗദി അറേബ്യയിലേക്കുള്ള ഇന്ത്യൻ അംബാസഡറായി ഡോ. സുഹൈൽ അജാസ് ഖാൻ അധികാരമേറ്റു. സൗദി വിദേശകാര്യ മന്ത്രാലയത്തിൽ അധികാരപത്രം കൈമാറിയ ശേഷം ഇന്ത്യൻ എംബസിയിൽ പതാകയുയർത്തിയാണ് ചുമതലയേറ്റത്. ഈ മാസം 26ന് എംബസിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.
ഇന്നലെ രാവിലെയാണ് സൗദിയിലെ വിദേശ കാര്യ മന്ത്രാലയത്തിൽ ഡോ. സുഹൈൽ അജാസ് ഖാൻ എത്തിയത്. ശേഷം വിദേശകാര്യമന്ത്രാലയത്തിലെ ചീഫ് പ്രോട്ടോക്കോൾ ഓഫീസർക്ക് അംബാസിഡറായി നിയമിതനായ അധികാര പത്രം കൈമാറി.
സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തിന് ആശംസകൾ നേർന്നു. എംബസിയിലെത്തിയ അംബാസിഡർ ദേശീയ പതാക ഉയർത്തിയ ശേഷം ഓഫീസിൽ ചുമതലയേറ്റു.
ഈ മാസം 26ന് റിപ്പബ്ലിക് ദിനത്തിൽ അദ്ദേഹം പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ വർഷം മാർച്ചിൽ റിയാദ് എംബസി അംബാസിഡറായ ഡോ. ഔസാഫ് സഈദ് കിഴക്കൻ മേഖല സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച് വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങിയിരുന്നു.
ഇതോടെ ഡി.സി.എം എൻ. രാംപ്രസാദാണ് ഷർഷെ ദഫെയായി അംബാസഡറുടെ ചുമതല വഹിച്ചിരുന്നത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ ഡോ. സുഹൈൽ അജാസ് ഖാൻ 1997 ബാച്ചിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്.
ലബനോണിലെ അംബാസഡർ പദവിയിലായിരുന്നു ഇതു വരെ. സൗദിയിൽ നയതന്ത്ര മുൻപരിചയമുള്ള വ്യക്തികൂടിയാണ് ഡോ. സുഹൈൽ അജാസ് ഖാൻ. ജിദ്ദയിൽ കോൺസൽ ജനറലായിരുന്നു. 2017 സെപ്റ്റംബർ മുതൽ 2019 ജൂൺ വരെ റിയാദിൽ ഡി.സി.എം ആയിരുന്നു. ഇതിനിടെയാണ് ലബനോൺ അംബാസഡറായി നിയോഗിക്കപ്പെട്ടത്.