ആത്മസമർപ്പണത്തിന്റെ സ്മരണ പുതുക്കി സൗദിയിലും ബലിപെരുന്നാൾ ആഘോഷിച്ചു
മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ ആയിരകണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തു
ജിദ്ദ: ആത്മസമർപ്പണത്തിന്റെ സ്മരണ പുതുക്കി സൗദിയിലും ബലിപെരുന്നാൾ ആഘോഷിച്ചു. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ ആയിരകണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തു. മുഴുവൻ വിശ്വാസികൾക്കും സൗദി ഭരണാധികാരി പെരുന്നാൾ ആശംസകൾ നേർന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിലെ പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ സ്വദേശികളും വിദേശികളും അതത് മേഖലാ ഗവർണർമാരുമടക്കം ആയിരങ്ങൾ സംബന്ധിച്ചു. പുലർച്ചെ മുതൽ തന്നെ വിശ്വാസികൾ ഈദുഗാഹുകളിലേക്കും പള്ളകളിലേക്കും ഒഴുകിയെത്തി.
മക്കയിലെ മസ്ജിദുൽ ഹറമിൽ നടന്ന ഈദ് നമസ്‌കാരത്തിനും ഖുത്തുബക്കും ഇരുഹറം കാര്യാലയം മതകാര്യ വിഭാഗം മേധാവി ശെയ്ഖ് അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് നേതൃത്വം നൽകി. അറഫ സംഗമത്തിൽ പങ്കെടുത്ത് ഹജ്ജ് കർമ്മത്തിന്റെ ഭാഗമായ മുഴുവൻ ഹാജിമാരെയും അദ്ദേഹം അഭിനന്ദിച്ചു. മദീനയിൽ പ്രവാചകന്റെ പള്ളിയിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിനും ഖുതുബക്കും ഇമാം ഡോ. ഖാലിദ് അൽ മുഹന്ന നേതൃത്വം നൽകി. മദീന ഗവർണർ പ്രിൻസ് സൽമാൻ ബിൻ സുൽത്താൻ, ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ ഖാലിദ് ബിൻ ഫൈസൽ എന്നിവരും സന്നിഹിതരായിരുന്നു.
ത്വായിഫിൽ ജാലിയാത്ത് മലയാളികൾക്ക് വേണ്ടി മലയാളത്തിൽ ഖുതുബ നടത്തികൊണ്ട് പെരുന്നാൾ നമസ്‌കാരം സംഘടിപ്പിച്ചു. മസ്ജിദ് അൽ ബുർജിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിനും ഖുതുബക്കും തായിഫ് ജാലിയാത്ത് മലയാളം വിഭാഗം മേധാവി സമീർ മൗലവി നേതൃത്വം നൽകി. സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജ്യത്തെ മുഴുവൻ വിശ്വാസികൾക്കും പെരുന്നാൾ ആശംസകൾ നേർന്നു.