പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കൽ; ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി
പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരുടെ ശിക്ഷാ നടപടികൾ വേഗത്തിലാക്കും
സൗദി അറേബ്യ: ഹജ്ജ് അടുത്തതോടെ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധന ശക്തമാക്കി. മക്കയുടെ പ്രവേശന കവാടങ്ങളിൽ ആരംഭിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കേന്ദ്രങ്ങൾ ജവാസാത്ത് മേധാവി സന്ദർശിച്ചു. പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരുടെ ശിക്ഷാ നടപടികൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മക്കയുടെ പ്രവേശന കവാടങ്ങളായ ശുമൈസി, അൽകർ, തൻഈം, അൽ ബുഹൈത്ത എന്നീ ചെക്ക് പോസ്റ്റുകളോട് ചേർന്നാണ് പുതിയതായി ജവസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയത്. ഹജജ് പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരുടെ കേസുകൾ പരിശോധിക്കുന്നത് ഇവിടെയാണ്. നിയമലംഘകർക്കുള്ള ശിക്ഷയും ഇവിടെ വെച്ച് തന്നെ പ്രഖ്യാപിക്കും.
നീതിപൂർവമായ വിചാരണ നടത്തി കുറ്റക്കാർക്കെതിരെ വേഗത്തിൽ ശിക്ഷാ നടപടികൾ നടപ്പിലാക്കുമെന്ന് ജവാസാത്ത് മേധാവി സുലൈമാൻ അൽയഹ്യ പറഞ്ഞു. പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചാൽ ആറ് മാസം വരെ തടവും, അര ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴയും വർധിക്കും. കൂടാതെ കുറ്റക്കാർ വിദേശികളാണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം സൌദിയിലേക്ക് തിരിച്ച് വരാനാകാത്ത വിധം നാട് കടത്തുകയും ചെയ്യും.