റഹീമിന്റെ മോചനത്തിനായി പ്രവാസികൾ; ജിദ്ദയിൽ സഹായ സമിതി രൂപീകരിച്ചു
മോചനദ്രവ്യമായ 34 കോടി രൂപ സമാഹരിക്കാനുള്ള സജീവ പ്രവർത്തനങ്ങളിലാണ് പ്രവാസികൾ.
ജിദ്ദ: വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി ജിദ്ദയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി രംഗത്ത്. മോചനദ്രവ്യമായ 34 കോടി രൂപ സമാഹരിക്കാനുള്ള സജീവ പ്രവർത്തനങ്ങളിലാണ് പ്രവാസികൾ. വിവിധ സംഘടനാ നേതാക്കൾ ചേർന്ന് സഹായ സമിതി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ.
അബദ്ധത്തിൽ സ്പോണ്സറുടെ മകൻ മരണപ്പെടാനിടയായ കേസിലാണ് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. കേസിൽ മാപ്പ് ലഭിക്കാൻ സ്പോണ്‍സറുടെ കുടുംബത്തിന് മോചനദ്രവ്യം നൽകണം. ഇതിനായി ഏപ്രിൽ 16ന് മുമ്പ് 34 കോടി രൂപ കണ്ടെത്തണം. അതിനായുള്ള പ്രവർത്തനത്തിലാണ് ജിദ്ദയിലെ മലയാളികളും.
വിവിധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ സഹായ സമിതി രൂപീകരിച്ചാണ് ജിദ്ദയിലെ പ്രവർത്തനങ്ങൾ. ധനസമാഹരണത്തിനായി വിവിധ മേഖലികളിൽ ജോലി ചെയ്യുന്ന പ്രവാസികളേയും വ്യവസായികളേയും നേരിൽ കണ്ട് സഹായം അഭ്യർത്ഥിക്കും. ഇതിനായി പ്രത്യേക കർമ്മപദ്ധതികളും ആവിഷ്കരിച്ചു.
ഓരോ ദിവസത്തേയും പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തിയാണ് കമ്മിറ്റി മുന്നോട്ട് പോകുന്നത്. എല്ലാവരും ആത്മാർത്ഥമായി ശ്രമിച്ചാൽ ധനസമാഹരണം വളരെ എളുപ്പമാണെന്നാണ് കമ്മറ്റിയുടെ വിലയിരുത്തൽ.
Watch Video Report