കനത്തചൂട്: കുട്ടികളും പ്രായമായവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ
കുട്ടികളിൽ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി
ദോഹ: ഖത്തറിൽ ചൂട് കനത്തതോടെ കുട്ടികളും പ്രായമായവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. കുട്ടികളിൽ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി. അതുകൊണ്ട് തന്നെ ഉച്ച സമയത്ത് കുട്ടികൾക്ക് വെയിലേൽക്കാതെ നോക്കണം. ശരീര താപനില ഉയരുക, ശക്തമായ ദാഹം, വിയർപ്പ്, തലവേദന, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ അവഗണിക്കരുത്. കുട്ടികൾ കൃത്യമായ ഇടവേളകൾ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്നത്.
ഇതുകൂടാതെ പ്രായമായവരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണമെന്നും അധികൃതർ നിർദേശിക്കുന്നുണ്ട്. ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. തണ്ണിമത്തൻ, സ്ട്രോബറി, മുന്തിരി, പൈനാപ്പിൾ, വെള്ളരി, ചീര, തുടങ്ങിയവ ജലാംശങ്ങൾ കൂടുതൽ അടങ്ങിയതാണ്. പ്രായത്തിനനുസരിച്ച് ദാഹത്തിന്റെ സംവേദനം കുറയുമെന്നതിനാൽ വെള്ളം കുടിക്കാൻ ദാഹത്തിനായി കാത്തിരിക്കരുത്. ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവയുടെ ഉപയോഗം കുറക്കണം.
പുറത്തിറങ്ങുമ്പോൾ അനുയോജ്യമായ വസ്ത്രം ധരിക്കണം. അയഞ്ഞതും കനം കുറഞ്ഞതും വായുസഞ്ചാരം അനുവദിക്കുന്നതുമായ വസ്ത്രങ്ങളാണ് അനുയോജ്യം. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കണം. സൂര്യപ്രകാശം നേരിട്ട് മുഖത്തും തലയിലും പതിക്കുന്നത് ഒഴിവാക്കാൻ സൺഗ്ലാസും വലിയ തൊപ്പിയും ധരിക്കാവുന്നതാണ്. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സൺഗ്ലാസ് ഉപകരിക്കും. പ്രായമായവർ ദിവസവും ഇടവിട്ട് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.