സൗദിയിൽ വെള്ളം പാഴാക്കിയാൽ രണ്ട് ലക്ഷം റിയാൽ വരെ പിഴ
മുന്നറിയിപ്പുമായി പരിസ്ഥിതി ജല കാർഷിക മന്ത്രാലയം


റിയാദ്: വെള്ളം വെറുതെ പാഴാക്കിയാൽ രണ്ട് ലക്ഷം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സൗദി പരിസ്ഥിതി ജല കാർഷിക മന്ത്രാലയം. അഞ്ചു പ്രധാന മേഖലകളിലെ അലക്ഷ്യമായ ജല ഉപയോഗത്തിനാണ് പിഴ ഈടാക്കുക. നഗരം, കാർഷികം, വ്യാവസായം, സേവനം, പൊതുവിപുലീകരണം എന്നീ മേഖലകളാണിവ.
കാര്യക്ഷമതയില്ലാത്ത പ്ലമ്പിങ് ഉപകരണങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുക 10,000 റിയാൽ പിഴയായിരിക്കും. ചോർച്ചയുള്ള ജല സംഭരണികൾ ശ്രദ്ധയിൽ പെട്ടാൽ 50,000 റിയാൽ വരെ പിഴ ഒടുക്കണം. അനുയോജ്യമല്ലാത്ത ജലസേചന സംവിധാനം അല്ലെങ്കിൽ സംവിധാനത്തിന്റെ ചോർച്ച എന്നിവക്ക് പിഴ ലഭിക്കുക 10,000 റിയാലായിരിക്കും. പൊതു ജനങ്ങൾ ഉപയോഗിക്കുന്ന ജല സ്രോതസ്സുകളിൽ ബോധവത്കരണ നോട്ടീസുകൾ പതിക്കാത്തവർക്കെതിരെയും നടപടി ഉണ്ടാകും.
കാർഷിക മേഖലയിൽ ജല സംരക്ഷണവുമായി ബന്ധപ്പെട്ട ലൈസൻസുകൾ ഇല്ലാതെ ജലം ഉപയോഗിക്കരുത്. 100,000 റിയാലായിരിക്കും നിയമ ലംഘനത്തിന് പിഴ. പ്രവർത്തനക്ഷമമായ ജലസേചന സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിക്കാത്തവർക്കെതിരെയും നടപടി ഉണ്ടാകും. മാനദണ്ഡങ്ങൾ പാലിക്കാതെ വ്യാവസായിക മേഖലയിലെ ജല ഉപഭോഗത്തിന് 200,000 റിയാൽ പിഴ ചുമത്തും. നഗര മേഖലയിൽ ജലസംരക്ഷണത്തിന് മന്ത്രാലയം നിർദ്ദേശിച്ച മോഡലുകൾ നടപ്പാക്കാത്തവരും ഇതേ തുക പിഴ നൽകേണ്ടി വരും. ജലം സംരക്ഷിക്കുക, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക, ഉല്പാദന ക്ഷമത വർധിപ്പിക്കുക എന്നിവയുടെ ഭാഗമായാണ് നടപടി.