റിയാദ് മെട്രോ സ്റ്റേഷനുകളിൽ ഇനി സൗജന്യ പാർക്കിങ്; പ്രഖ്യാപനവുമായി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി
12 മണിക്കൂറാണ് സൗജന്യ പാർക്കിങ് അനുവദിക്കുക
റിയാദ്: സൗദിയിലെ റിയാദ് മെട്രോ പാർക്കിങ്ങിൽ പണം നൽകാതെ പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി. 12 മണിക്കൂർ നേരത്തേക്കായിരിക്കും പാർക്കിംഗ് സൗജന്യമായി ലഭിക്കുക. മെട്രോ, ബസ് യാത്രകൾക്കായി ഉപയോഗിക്കുന്ന ദർബ് കാർഡ് വഴിയാണ് പാർക്കിംഗ് നിയന്ത്രിക്കുക. കാർഡ് കൈവശമില്ലാത്തവർക്ക് മണിക്കൂറിൽ പത്ത് റിയാൽ എന്ന തോതിൽ പാർക്കിങ്ങിനായി പണമടക്കേണ്ടി വരും. റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ദർബ് കാർഡ് ഉപയോഗിച്ച് പാർക്ക് ചെയ്യുന്നവർക്ക് 12 മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിനും 10 റിയാൽ വീതം നൽകേണ്ടി വരും. പാർക്കിംഗ് ഏരിയകളിൽ നിന്ന് ട്രെയിനിനടുത്തേക്ക് എത്താനായി ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സംവിധാനിച്ചിട്ടുണ്ട്.
റിയാദിലെ ഗതാഗത കുരുക്ക് കുറക്കുക, കൂടുതൽ പേരെ മെട്രോയിലേക്ക് ആകർഷിക്കുക എന്നിവയുടെ ഭാഗമായാണ് തീരുമാനം. ലോകത്തിലെ ഏറ്റവും നീളമുള്ള ഡ്രൈവറില്ലാ മെട്രോയാണ് റിയാദിലേത്. നാല് സെൻട്രൽ സ്റ്റേഷനുകളടക്കം ആകെ 85 സ്റ്റേഷനുകളാണ് റിയാദ് മെട്രോക്കുള്ളത്. സ്റ്റേഷനുകളെ പരസ്പരം ബന്ധിപ്പിച്ച് ആയിരത്തോളം ബസ്സുകളും സർവീസ് നടത്തും. സാധാരണക്കാരെ കൂടി ലക്ഷ്യം വെച്ചുള്ളതാണ് റിയാദ് മെട്രോ. അതിനാൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് മെട്രോ സേവനം നടത്തുന്നത്.