ഹാജിമാർ മക്കയോട് വിടപറയുന്നു; വെള്ളിയാഴ്ച മുതൽ ഇന്ത്യക്കാരുടെ മടക്ക യാത്ര തുടങ്ങും
വെള്ളിയാഴ്ച മുതൽ ഇന്ത്യക്കാരുടെ മടക്ക യാത്ര തുടങ്ങും. ജിദ്ദയിൽ നിന്നും നെടുമ്പാശേരിയിലേക്കാണ് ആദ്യ വിമാനം
സൗദി: ഹജ്ജിലെ എല്ലാ കർമങ്ങളും പൂർത്തിയാക്കി ഹാജിമാർ മക്കയോട് വിടപറയുന്നത് തുടരുന്നു. ഇന്ത്യൻ ഹാജിമാരും കഅ്ബക്കരികെ വിടവാങ്ങൽ പ്രദക്ഷിണം പൂർത്തിയാക്കി. മദീന സന്ദർശനം പൂർത്തിയാക്കാത്ത തീർഥാടകർ മക്കയിൽ നിന്നും ഇതിനായി തിരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിൽ തീർഥാടകരെ തിരിച്ചയക്കാൻ സംവിധാനം വിപുലമാണ്.
മിനായിൽ നിന്നും മടങ്ങിയതോടെ ഹജ്ജവസാനിച്ചു. ഇനി മക്കയോട് യാത്ര പറയുന്ന തിരക്കിലാണ് തീർഥാടകർ. ഇതിനായി കഅ്ബക്കരികിലെത്തി വിടവാങ്ങൽ ത്വവാഫ് അഥവാ പ്രദക്ഷിണം പൂർത്തിയാക്കും. ഇതിനായെത്തുന്ന തീർഥാടകരാൽ കഅ്ബയുടെ മുറ്റം രാപ്പകൽ ഭേദമന്യേ തിരക്കിലാണ്.
വെള്ളിയാഴ്ച മുതൽ ഇന്ത്യക്കാരുടെ മടക്ക യാത്ര തുടങ്ങും. ജിദ്ദയിൽ നിന്നും നെടുമ്പാശേരിയിലേക്കാണ് ആദ്യ വിമാനം. സൗദിയിലെത്തിയ ശേഷം ആരോഗ്യ പ്രയാസങ്ങളാൽ ചികിത്സയിൽ കഴിയുന്ന തീർഥാടകരുണ്ട്. ഇവരുടെ യാത്ര ചികിത്സക്ക് ശേഷമായിരിക്കും.
സ്വകാര്യ ഗ്രൂപ്പുകളിലെത്തിയ ഹാജിമാരിൽ ചിലർ മദീന സന്ദർശനം പൂർത്തിയാക്കിയിട്ടില്ല. ഇവർ വിടവാങ്ങൽ ത്വവാഫ് പൂർത്തിയാക്കി മദീനയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവർക്ക് ഇവിടെ നിന്നാകും നാട്ടിലേക്കുള്ള യാത്ര. ഹാജിമാരുടെ വൻതിരക്ക് വിമാനത്താവളങ്ങളിലുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും ഹാജിമാരുടെ സുഗമമായ തിരികെ യാത്രക്കുള്ള സംവിധാനങ്ങളും ജീവനക്കാരേയും സജ്ജീകരിച്ചിട്ടുണ്ട്.