സെമസ്റ്റർ അവധി ആരംഭിച്ചു; റിയാദിലെ ഹോട്ടൽ നിരക്കുകൾ വർധിച്ചു
റിയാദ് സീസണിലേക്ക് സന്ദർശകർ എത്തുന്നതിന്റെ ഭാഗമായാണ് നിരക്ക് വർധന
റിയാദ്: സൗദിയിൽ സെമസ്റ്റർ അവധി ആരംഭിച്ചതോടെ റിയാദിലെ ഹോട്ടൽ നിരക്കുകൾ വർധിച്ചു. റിയാദിൽ നടക്കുന്ന റിയാദ് സീസണിലേക്ക് സന്ദർശകർ എത്തുന്നതിന്റെ ഭാഗമായാണ് നിരക്ക് വർധന. മിക്ക ഹോട്ടലുകളിലെയും നൂറു ശതമാനം മുറികളും നിറഞ്ഞ അവസ്ഥയിലാണ്. ടൂറിസം മന്ത്രാലയത്തിന്റേതാണ് കണക്കുകൾ.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സെമസ്റ്റർ അവധി ആരംഭിച്ചത്. നവംബർ 17 വരെയായിരിക്കും അവധി നീണ്ടു നിൽക്കുക. അവധിയുടെ ഭാഗമായി റിയാദ് നഗരങ്ങളിലെ ഹോട്ടൽ മുറികൾ നിറഞ്ഞിരിക്കുകയാണ്. ഇതോടൊപ്പം ഹോട്ടൽ നിരക്കുകളും വർധിച്ചു. റിയാദിൽ നടക്കുന്ന റിയാദ് സീസണിലേക്ക് അവധി ദിവസങ്ങളിൽ സന്ദർശകർ എത്തുന്നത് വർധിച്ചതിനാലാണിത്.
ഒരു രാത്രിക്ക് 7000 റിയാൽ വരെ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഈടാക്കുന്നുണ്ട്. സന്ദർശകർക്ക് മുറികളുടെ ലഭ്യത കുറഞ്ഞതയോടെയാണ് നിരക്ക് വർധന. മിക്ക ഹോട്ടൽ മുറികളും 100 ശതമാനം നിറഞ്ഞിട്ടുണ്ട്. അപാർട്ട്‌മെന്റുകൾക്കും സ്യൂട്ടുകൾക്കും ഇതോടൊപ്പം നിരക്ക് വർധിച്ചു. 8,000 റിയാൽ മുതൽ 12,000 റിയാൽ വരെയാണ് നിലവിലെ നിരക്ക്.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 12,000 പുതിയ ഹോട്ടൽ മുറികൾ ടൂറിസം മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്. റിയാദ് സീസണിന്റെ കാരണമായി പെട്രോൾ പമ്പുകളുടെ വരുമാനത്തിലും വർധനവാണ്. റിയാദിൽ സന്ദർശകർ മൊത്തം ചെലവഴിക്കുന്ന സൂചികയും കഴിഞ്ഞ ആഴ്ച റെക്കോർഡ് ഉയർച്ചയിലാണ്. സന്ദർശകരുടെ തിരക്ക് ടൂറിസം മേഖലയിലെ രാജ്യത്തിന്റെ വളർച്ചയാണ് സൂചിപ്പിക്കുന്നത്.